Latest News

വി.എസ്. നല്ല കമ്യൂണിസ്റ്റ്, പിണറായി മികച്ച വൈദ്യുതിമന്ത്രി -പി.സി.ജോര്‍ജ്

കണ്ണൂര്‍: ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഉത്തമനായ കമ്യൂണിസ്റ്റാണ് വി.എസ്.അച്യുതാനന്ദനെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. തൊണ്ണൂറാം വയസ്സിലും ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവണദ്ദേഹം. പന്ത്രണ്ടാംവയസ്സില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ വി.എസ്. അചഞ്ചലനായ നേതാവാണ് -ജോര്‍ജ് പറഞ്ഞു.

മയ്യിലില്‍ ഒറപ്പൊടി കലാകൂട്ടായ്മയുടെ 'അശരണര്‍ക്ക് ഒരു കൈത്താങ്ങ്' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരെക്കുറിച്ചു പറഞ്ഞാല്‍ കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രി പിണറായി വിജയനാണ്. പിണറായിയുടെ കാലത്താണ് വൈദ്യുതി ഉത്പാദനം കൂടിയത്. വിതരണമേഖല ശക്തിപ്പെടുത്തുന്നതിലുപരി ഉത്പാദനം കൂട്ടാനാണ് പിണറായി ശ്രമിച്ചത് -ജോര്‍ജ് പറഞ്ഞു.

സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തിലാണ് പി.സി.ജോര്‍ജിന്റെ ഈ തുറന്നുപറച്ചില്‍. സി.പി.എമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് കലാകൂട്ടായ്മയില്‍ ഏറെയുള്ളതും. ജോര്‍ജിനെ പരിപാടി ഉദ്ഘാടനംചെയ്യാന്‍ വിളിച്ചതിലും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ട്. ഇതിനിടയിലാണ് പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ച് പിണറായിയെയും വി.എസ്സിനെയും ഒരേപോലെ പുകഴ്ത്തി ജോര്‍ജ് സംസാരിച്ചത്.

എ.കെ.ആന്റണിയെ കേരളത്തില്‍നിന്ന് നാടുകടത്തിയതാണെന്ന അഭിപ്രായവും ജോര്‍ജ് ഉയര്‍ത്തി. ന്യൂനപക്ഷപ്രീണനത്തിന്റെ പേരില്‍ കേരളത്തില്‍നിന്ന് ആന്റണിയെ നാടുകടത്തിയതാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. ഇടതുമനസ്സുള്ള നേതാവാണ് ആന്റണി. വി.എസ്സാകട്ടെ ഇടതുപക്ഷ പോരാളിയും. ഇതാണ് ആന്റണിയും വി.എസ്സും തമ്മിലുള്ള പ്രധാന വ്യത്യാസം -ജോര്‍ജ് പറഞ്ഞു.

മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പദ്മാവതി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് പി.പി.രമേശന്‍ സംസാരിച്ചു. ജിജു ഒറപ്പൊടി സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.