Latest News

ഷെഫീക്ക് നവംബര്‍ ആദ്യവാരം നാട്ടിലേക്ക് തിരിക്കും

ചെന്നൈ: അച്ഛന്‍േറയും രണ്ടാനമ്മയുടേയും ക്രൂരപീഡനത്തിനിരയായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ ഷെഫീക്ക് നവംബര്‍ ആദ്യവാരം നാട്ടിലേക്ക് തിരിക്കും. ചികിത്സ പൂര്‍ണമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഷെഫീക്കിനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.

തിരിച്ചുവരുന്ന ഷെഫീക്കിന്റെ സംരക്ഷണചുമതല ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക യോഗം ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേരും.

ഷെഫീക്കിന്റെ ആരോഗ്യനിലയെ സംബന്ധിക്കുന്ന വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ആസ്പത്രി അധികൃതര്‍ സര്‍ക്കാറിന് നല്‍കി. റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷം തുടര്‍ച്ചികിത്സകളുടെ സാധ്യതകളെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഷെഫീക്കിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി എട്ടോളം അപേക്ഷകള്‍ സമിതിക്ക് ലഭിച്ചതായി പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കുട്ടിയുടെ അമ്മ രമ്യ, അച്ഛന്റെ അടുത്ത ബന്ധു അബ്ദുള്‍ഖാദര്‍, നിലവില്‍ കുട്ടിയെ പരിചരിച്ചുവരുന്ന രാഗിണി എന്നിവരെല്ലാം അപേക്ഷനല്‍കിയിട്ടുണ്ട്. ഷെഫീക്കിനെ ഉപേക്ഷിച്ച് താന്‍ മറ്റൊരാളുടെ കൂടെ പോയതല്ലെന്നും തന്നെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നെന്നും അമ്മ രമ്യ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്.

ഷെഫീക്കിന്റെ അവകാശികളെതേടി സര്‍ക്കാര്‍ നടത്തിയ സിറ്റിങ്ങിലാണ് അബ്ദുള്‍ ഖാദര്‍ അപേക്ഷ നല്‍കിയത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അബ്ദുള്‍ ഖാദര്‍ സമര്‍പ്പിച്ച രേഖകളെല്ലാം വിശ്വസിക്കാവുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ജൂലായ് പതിനാറിനാണ് സാരമായ പരിക്കുകളോടെ കുമളി ചെങ്കര പുത്തന്‍പുരക്കല്‍ ഷെഫീക്കിനെ കുമളി സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഷെഫീക്കിന്റെ കാല്‍ ഒടിഞ്ഞനിലയിലായിരുന്നു. കുട്ടിയെ പീഡിപ്പിച്ചതിന് അച്ഛനേയും രണ്ടാനമ്മയേയും പോലീസ് അറസ്റ്റുചെയ്തിരുന്നു. സര്‍ക്കാര്‍ ചെലവിലാണ് കുട്ടിയുടെ ചികിത്സനടന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Shefeeq, Hospital, Attac

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.