കാസര്‍കോട്: ജില്ലാ ഭരണകൂടം നെഞ്ചംപറമ്പില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സംവാദത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ സമരനേതാവ് കെ.എസ്.അബ്ദുള്ള(63) കുഴഞ്ഞുവീണ് മരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. മിഞ്ചിപ്പദവ് ഏകാധ്യാപക വിദ്യാലയത്തില്‍ സംവാദത്തിന്റെയും മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനച്ചടങ്ങിനുശേഷം നടന്ന ചര്‍ച്ചയില്‍ നാലാമനായി സംസാരിക്കുന്നതിനിടെയാണ് അബ്ദുള്ള കുഴഞ്ഞുവീണത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെത്തുടര്‍ന്ന് സംവാദം നിര്‍ത്തിവച്ചു.
നെഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടുണ്ടെന്നുള്ള ജനങ്ങളുടെ ആശങ്ക അകറ്റാനാണ് സെമിനാര്‍ നടത്തിയത്. ഉദ്ഘാടനപരിപാടിക്ക് ശേഷമാണ് സംവാദം തുടങ്ങിയത്. ഡോ. മുഹമ്മദ് അഷീലിന്റെ ആമുഖഭാഷണത്തിനുശേഷം ഡോ. പി.ഹരികുമാര്‍, ഡോ. വൈ.എസ്.മോഹന്‍കുമാര്‍, സി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നാണ് അബ്ദുള്ള സംസാരിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ വര്‍ഷങ്ങളായി സമരംചെയ്യുന്ന പ്രവര്‍ത്തകനാണ് കെ.എസ്.അബ്ദുള്ള. അബ്ദുള്ളയുടെ മകള്‍ ബീഫാത്തിമയുടെ നാലുമക്കളില്‍ രണ്ടുപേര്‍ എന്‍ഡോസള്‍ഫാന്‍മൂലം മരിച്ചിരുന്നു. ഒരാള്‍ ദുരിതബാധിതനായി ജീവിക്കുന്നു.കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ്, ഡി.സി.സി. അംഗം, കാറഡുക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, കാടകം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കാസര്‍കോട് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി ഭരണസമിതിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ച കെ.എസ്.അബ്ദുള്ള പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തകന്‍ കൂടിയാണ്.
ഭാര്യ: ആമിന. മക്കള്‍: ബീഫാത്തിമ, സുബൈദ, നഫീസ, ഷെരീഫ, സക്കീന, മുഹമ്മദ് സിനാന്‍. മരുമക്കള്‍: അഹമ്മദ്, നസീര്‍, അബ്ദുള്‍റഹ്മാന്‍, ജലീല്‍, അഷ്‌റഫ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News,


No comments:
Post a Comment