Latest News

പി.വി സുനീഷ് പാലക്കുന്നമ്മയുടെ പരിചാരകനാവുന്നു


ഉദുമ: പാലക്കുന്ന് കൃഷ്ണ പത്മത്തിലെ പി.വി സുനീഷ് പാലക്കുന്നമ്മയുടെ പരിചാരകനാവുകയാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാളിതുവരെ ഷീബു ആയിരുന്നു. ഇനി പാലക്കുന്ന് കഴകത്തിലെ സര്‍വ്വര്‍ക്കും പൂജാരിച്ചന്‍ എന്ന് സംബോധനം ചെയ്യാനുളള നിയോഗം ഏററുവാങ്ങി സൗമ്യശുദ്ധിയോടെ എല്ലാം ദേവിയില്‍ അര്‍പ്പിച്ച് ഷീബു എന്ന സുനീഷ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രധാന കര്‍മ്മിയായ പൂജാരിയായി ഒക്‌ടോബര്‍ 26 ന് സന്ധ്യയ്ക്ക് ശേഷം കലശം കുളിച്ച് ആചാരമേല്‍ക്കും.

പത്താമുദയ പുത്തരി ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി ഭണ്ഡാരം വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്കുളള എഴുന്നളളത്തിന് മുമ്പാണ് മനസ്സില്‍ ഭക്തിയുടെ നിറദീപങ്ങള്‍ തെളിയിച്ച് ഭണ്ഡാര വീട്ടിലെ തിരുനടയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.

2012 ഫെബ്രുവരി 12 ന് പി.പൊക്‌ളി പൂജാരി മരണപ്പെട്ട ഒഴിവിലേക്കാണ് സുനീഷ് ആ മഹനീയസ്ഥാനം എറെറടുക്കാന്‍ നയോഗമുണ്ടായത്. ഉദുമ പടിഞ്ഞാര്‍ കട്ടയില്‍ വീട്, ചേരിക്കല്‍ തറവാടുകളിലെ പടയന്‍ കോടി ഇല്ലക്കാരനായ തീയ്യ സമുദായംഗങ്ങള്‍ക്കും മാത്രമാണ് ക്ഷേത്രത്തിലെ പൂജാരി പട്ടത്തിനുളള അവകാശം. ഊഴമനുസരിച്ച് പടിഞ്ഞാറ് വീട്ടുകാര്‍ക്കാണ് പൂജാരിയാകാനുളള അവസരം കൈവന്നിരിക്കുന്നത്. അപ്പുഡു പൂജാരിക്കു ശേഷം അരനൂററാണ്ട് പിന്നിട്ട ശേഷമാണ് ആ ദൗത്യം ഏറെറടുക്കാന്‍ പടിഞ്ഞാര്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്നത്.

ഭണ്ഡാരവീട് നടത്തിപ്പിന് 1957 വരെ അപ്പുഡു പൂജാരിക്കായിരുന്നു ഈ അധികാരവും അവകാശങ്ങളും. ഉദുമ, പളളിക്കര, ചെമ്മനാട് പഞ്ചായത്തുകളും അജാനൂര്‍ പഞ്ചാത്തിലെ ചില ഭാഗങ്ങളും ഉള്‍ക്കൊണ്ട കഴകത്തിലെ തീയ്യ സമുദായംഗങ്ങള്‍ക്കായി 1957 നവംബര്‍ 15 ന് അധികാര കൈമാററം നടത്തി.
ഒരു കേന്ദ്ര കമ്മിററിയും അതിന് കീഴില്‍ 26 പ്രാദേശിക കമ്മിററികളുമായി 1958 ജനുവരി 7 ന് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി നിലവില്‍ വന്നു. ഇപ്പോള്‍ ഭണ്ഡാരവീടിന് 29 പ്രാദേശിക കമ്മിററികളാണുളളത്.

അപ്പുഡു പൂജാരിയുടെ മരണശേഷം കൊപ്പലിലെ ബമ്പനായിരുന്നു 1972 വരെ ക്ഷേത്രപൂജാരി. 1973 മാര്‍ച്ച് ഒന്നിനായിരുന്നു പൊക്‌ളി പൂജാരി ആചാരസ്ഥാനം ഏറെറടുത്തത്. 39 വര്‍ഷം അദ്ദേഹം ഭണ്ഡാരവീട്ടിന്റെ ഭരണവും കൈയ്യാളി.

അടുത്ത പൂജാരിയെ കണ്ടെത്താന്‍ 2012 ഒക്‌ടോബര്‍ 13 ന് ക്ഷേത്ര ഭണ്ഡാരവീട്ടില്‍ നടത്തിയ പ്രശ്‌ന ചിന്തയില്‍ അറുപേരെ പടിഞ്ഞാര്‍ വീട് തറവാട്ടുകാര്‍ നിര്‍ദ്ദേശിക്കുകയും ദേവിഹിതമനുസരിച്ച് സുനീഷിന് പൂജാരി സ്ഥാനം ഏറെറടുക്കാന്‍ നിയോഗമുണ്ടാവുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറുപുത്തരി ഉത്സവത്തോടനുബന്ധിച്ച് കലശം കുളിച്ച് ആചാരപ്പെടാന്‍ തീരുമാനമുണ്ടായെങ്കിലും പുല, ബാലായ്മ മൂലം ചടങ്ങ് മാററി വെയ്ക്കുകയായിരുന്നു.

കലശം കുളിക്കലിന്റെ മുന്നോടിയായി നിയുക്ത പൂജാരി കുടുംബാംഗങ്ങളോടൊപ്പം ശനിയാഴ്ച വൈകിട്ട് ഉദുമ പടിഞ്ഞാര്‍വീട് തറവാട്ടിലെത്തും. കുളിച്ച് തറവാട്ടില്‍ സന്ധ്യാദീപം കത്തിച്ച് മൂപ്പയാരെയും മററു തറവാട്ടങ്ങളെയും വന്ദിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് കലശം കുളി ചടങ്ങിനായി ഭണ്ഡാര വീട്ടിലെത്തുക.

നട തുറന്ന് 8 മണിക്ക് ശേഷം ചടങ്ങുകള്‍ തുടങ്ങും. ആദ്യം ചെമ്പ് കുടത്തില്‍ നിന്ന് തീര്‍ത്ഥം നല്‍കും. തുടര്‍ന്ന് കിണ്ടിയില്‍ നിന്നും കൈവട്ടയില്‍ നിന്നും, അവസാനമായി ശംഖ് ജലവും അഭിഷേകവും ചെയ്യുന്നതോടെ സുനീഷ് ആചാരസ്ഥാനം ഏറെറടുക്കും.

ഭണ്ഡാരപ്പുരയിലെ തിരുസന്നിധിയില്‍ കലശം കുളി ചടങ്ങ് കാണാന്‍ നൂറുകണക്കിനാളുകള്‍ ഒത്തു ചേരും. ഭണ്ഡാര വീടിന് വിളിപ്പാടകലെയാണ് സുനീഷിന്റെ കുടുംബ വീട്. ക്ഷേത്രാചാരങ്ങളും ക്ഷേത്രനന്‍മകളും ഓര്‍മ്മ വെച്ച നാളുകള്‍ മുതല്‍ കണ്ടു വളര്‍ന്നവരാണ് സുനീഷിന്റെ വീട്ടുകാര്‍.

പാലക്കുന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട സര്‍വ്വ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്ന പരേതനായ പി.വി
കൃഷ്ണന്റെയും പത്മാവതിയുടെയും ഇളയമകനാണ് സുനീഷ്. പളളം തെക്കേക്കരയിലെ കൃഷ്ണന്റെയും ചന്ദ്രികയുടെയും മകള്‍ സജിത്രയാണ് ഭാര്യ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.