Latest News

പള്ളി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വിട്ടയച്ചു

കോഴിക്കോട്: ചാത്തമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയും വരിയട്ട്യാക്കില്‍ നിസ്കാരപള്ളി മുതവല്ലിയുമായ വരിയട്ട്യാക്ക് ഹാഫിറ മന്‍സിലില്‍ സീതിക്കോയ ഹാജി(70)യെ വെട്ടിക്കൊന്ന കേസില്‍ പ്രതിയെ വിട്ടയച്ചു. കളരിക്കണ്ടി കൊടമ്പാട്ടില്‍ കാര്‍ത്തിക ഭവനില്‍ ബി.സി. അനൂപിനെ(33)യാണ് അഞ്ചാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. 

സാഹചര്യതെളിവുകള്‍ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടത്തൊന്‍ പര്യാപ്തമല്ളെന്നും പ്രതിയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ളെന്നും ജഡ്ജി കെ. രമേശ്ഭായ് വിധിയില്‍ പറഞ്ഞു.
2009 ജൂണ്‍ 21ന് പുലര്‍ച്ചെ 4.55നാണ് ചാത്തമംഗലം ജുമുഅത്ത് പള്ളിയുടെ കവാടത്തില്‍ വെച്ച് സീതിക്കോയ ഹാജി വെട്ടേറ്റ് മരിച്ചത്. കുന്ദമംഗലത്തിനടുത്ത് കളരിക്കണ്ടിയില്‍ രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായിരുന്നു അനൂപ്. ഇതിന് പ്രതികാരം ചെയ്യാന്‍ സീതിക്കോയ ഹാജി ആളുകളെ സംഘടിപ്പിക്കുന്നുണ്ടെന്ന സംശയമാണ് കൊലക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംശയത്തിന്മേലുണ്ടായ വൈരാഗ്യമാണ് സീതിക്കോയ ഹാജിയെ ആസൂത്രിതമായി കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
എന്നാല്‍, സാഹചര്യത്തെളിവുകളാല്‍ പ്രതിയെ കേസുമായി ബന്ധപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പ്രതിതന്നെ പൊലീസിന് കാണിച്ചു കൊടുത്തുവെന്നതിന് തെളിവില്ളെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സീതികോയഹാജിക്ക് വെട്ടേല്‍ക്കുന്നത് പുലര്‍ച്ചെ 4.55ന് ആണെന്നാണ് പറയുന്നതെങ്കിലും ഇയാള്‍ കഴിച്ച ഭക്ഷണം ദഹിച്ചിട്ടില്ളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 302(കൊലപാതകം), 447(അതിക്രമിച്ചു കയറല്‍) എന്നീ വകുപ്പുകള്‍ ചുമത്തി ചേവായൂര്‍ സി.ഐ ആയിരുന്ന പി.കെ. രാജുവാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്.

കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും അഞ്ചു വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് പ്രതി ജയിലില്‍തന്നെ കഴിയുകയായിരുന്നുവെന്ന കാര്യംകൂടി പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിന്‍െറ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ 36 പ്രോസിക്യൂഷന്‍ സാക്ഷികളും ഒരു പ്രതിഭാഗം സാക്ഷിയെയും വിസ്തരിച്ചു. 35 രേഖകളും 17 തൊണ്ടികളും കോടതി പരിഗണിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സുചിത്ര ഭാസ്കരനും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, അഡ്വ.പി. പീതാംബരന്‍ എന്നിവരുമാണ് ഹാജരായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.