Latest News

സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

മുംബൈ: ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യന്‍ മണ്ണില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് കളിച്ചുകൊണ്ട് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാകും താന്‍ അരങ്ങുവാണ ക്രീസില്‍ സച്ചിനെ അവസാനമായി അവസാനമായി കാണാനാകുക.

ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍ ചാമ്പ്യന്മാരായ ഫൈനല്‍ മത്സരത്തിലൂടെ സച്ചിന്‍ ട്വന്റി 20 ക്രിക്കറ്റിനോട് വിടപറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞുകൊണ്ട് ലോകം കണ്ട മഹനായ ക്രിക്കറ്റര്‍ പാഡഴിക്കുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്ന കാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് സച്ചിന്‍ ബി.സി.സി.ഐക്ക് അയച്ച കത്തില്‍ പറയുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ് സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് മുംബൈയില്‍ നടക്കുക.

ബി.സി.സി.ഐക്ക് അയച്ച കത്തിലാണ് സച്ചിന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ''ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് എന്നും എന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ഓരോ ദിവസവും ഞാന്‍ ഈ സ്വപ്‌നത്തിലാണ് ജീവിച്ചിരുന്നത്. ക്രിക്കറ്റ് കളിക്കാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, എന്തുകൊണ്ടെന്നാല്‍ 11 വയസ്സ് മുതല്‍ ഞാന്‍ അതുമാത്രമാണ് ചെയ്തുകൊണ്ടിരുന്നത്.


രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വളരെ വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. ലോകമെങ്ങളും ഞാന്‍ ക്രിക്കറ്റ് കളിച്ചു. ഇരുന്നൂറാം ടെസ്റ്റ് മത്സരം സ്വന്തം മണ്ണില്‍ കളിക്കാനായി ഞാന്‍ കാത്തിരിക്കുന്നു. അതാകും എന്റെ അവസാന മത്സരവും. കളിനിര്‍ത്താന്‍ സമയമായി എന്ന് മനസ്സ് പറയുന്ന നിമിഷം വരെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ച ബി.സി.സി.ഐയോട് നന്ദി പറയുന്നു. എന്നെ മനസ്സിലാക്കി ക്ഷമയോടെ പിന്തുണച്ച കുടുംബത്തിനും നന്ദി. എല്ലാത്തിനുമുപരി പ്രാര്‍ഥനയോടും ആശംസകളുമായി എനിക്ക് കരുത്തുപകര്‍ന്നു തന്ന എന്റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദി പറയുന്നു.''

ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ അതിന്റെ ദൈവമാണ് സച്ചിന്‍ എന്ന വിശേഷണത്തില്‍ സച്ചിന്‍ എന്താണെന്ന് അടങ്ങിയിരിക്കുന്നു. ക്രീസിലെ ഈ ദൈവം പാഡഴിക്കുമ്പോള്‍ ക്രിക്കറ്റിനെ സ്‌നേഹിച്ച ആരാധകസമൂഹത്തിന് അത് വലിയ നഷ്ടവും നിരാശയും വിടവാങ്ങലുമാകുന്നു. അനിവാര്യമായ ഈ വിടവാങ്ങല്‍ എപ്പോഴായിരിക്കും എന്ന ചോദ്യം മാത്രമാണ് അവശേഷിച്ചിരുന്നത്. അത് സച്ചിന്‍ തന്നെ വികാരഭരിതനായി ലോകത്തെ അറിയിച്ചിരിക്കുന്നു. ബൗളര്‍മാര്‍ക്ക് ഇനി ആശ്വസിക്കാം, സച്ചിന്‍ നവംബര്‍ 18ന് ശേഷം ബാറ്റുമായി ക്രീസിലുണ്ടാവില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Cricket, Spots

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.