Latest News

നടുവിലെ ലീഗ് കമ്മിറ്റികള്‍ ഒന്നടങ്കം രാജിവെച്ചു; നേതൃത്വം അങ്കലാപ്പില്‍

കണ്ണൂര്‍: നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയുള്ള കണ്‍വെന്‍ഷനിലൂടെ പൂറത്താക്കപ്പെട്ട ലീഗ് നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടുവിലില്‍ നടന്ന മുസ്‌ലിംലീഗ് കണ്‍വെന്‍ഷന്‍ നേതൃത്വത്തിന് വെല്ലുവിളിയുയര്‍ത്തി. 

കണ്ണൂരില്‍ നടന്ന സംഭവ വികാസങ്ങളുടെ പേരില്‍ ഏഴ് നേതാക്കളെ സസ്‌പെന്റ് ചെയ്ത ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബുധാഴ്ച നടുവില്‍ ജുമാമസ്ജിദ് മദ്രസ ഹാളില്‍ കണ്‍വെന്‍ഷന്‍ നടന്നത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ ഒന്നടങ്കം നടപടി നേരിട്ട നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

ലീഗ് ഇരിക്കൂര്‍ നിയോജക മണ്ഡലം നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ നടപടി നേരിട്ട നേതാക്കള്‍ പങ്കെടുത്തില്ല. ഇവര്‍ വേദിയില്‍ ഇല്ലാതെ വന്നത് പ്രവര്‍ത്തകരെ ക്ഷുഭിതരാക്കി. നേതാക്കള്‍ ഇടപെട്ട് ഏറെ പാടുപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ വി.പി. മൂസാന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഹാളില്‍ എത്തേണ്ടി വന്നു. എന്നാല്‍ ഇവര്‍ സംസാരിച്ചില്ല. 

സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുന്ന ആലക്കോട് സി.ഐക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മണ്ഡലം കമ്മിറ്റി നേതാക്കളും ഈ ആവശ്യമുന്നയിച്ചു. 

പി.പി. ഹസന്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് കെ.പി. മൊയ്തീന്‍കുഞ്ഞിഹാജി, ജന. സെക്രട്ടറി സി.കെ. മുഹമ്മദ്, വി.എ. റഹീം, ട്രഷറര്‍ പി.ടി.എ. കോയ, ലത്തീഫ് നടുവില്‍, സി.എച്ച്. അബ്ദുള്ള, സി.എച്ച്. മജീദ്, നാസര്‍ ഫൈസി പ്രസംഗിച്ചു. അബ്ദുള്ള സ്വാഗതം പറഞ്ഞു. 

അതിനിടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് നടുവിലെ ലീഗിന്റെ പോഷക സംഘടനകള്‍ ഒന്നടങ്കം രാജിവെച്ചു. യൂത്ത്‌ലീഗ്, വനിതാ ലീഗ്, എസ്.യു.ടി.യു, പ്രവാസി ലീഗ് കമ്മിറ്റി ഭാരവാഹികളാണ് ബുധനാഴ്ച നടന്ന കണ്‍വെന്‍ഷനില്‍ വെച്ച് മണ്ഡലം നേതൃത്വത്തിന് രാജി നല്‍കിയത്. എന്നാല്‍ രാജി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. രാജിവെയ്ക്കരുതെന്നും പ്രശ്‌നങ്ങള്‍ ജില്ലാസംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്നും നേതാക്കള്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നങ്ങളില്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭമുയര്‍ത്താനാണ് പ്രവര്‍ത്തകരുടെ തീരുമാനം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.