Latest News

കാരുണ്യവര്‍ഷത്തിനായി സജിനയും അമ്മയും കാത്തിരിക്കുന്നു

പൊയിനാച്ചി: കുത്തിപ്പറിക്കുന്ന വേദന ഒരുവശത്ത്. ആഹാരത്തിനായി അന്യനെ ആശ്രയിക്കേണ്ട വേദന മറുവശത്ത്. എന്നിട്ടും പൊയിനാച്ചി പറമ്പ് സലാം മസ്ജിദിന്റെ വാടകക്കെട്ടിടത്തിലിരുന്ന് സജിന(23) പാടുകയാണ്.

ജന്മനാ വൈകല്യമുണ്ടായിരുന്ന സജിന അച്ഛന്റെ സഹായത്തോടെയാണ് നാലാംതരംവരെ പഠിച്ചത്. പിന്നീട് ശരീരത്തെ ബാധിച്ച രോഗംകാരണം സ്‌കൂള്‍പഠനം തുടരാന്‍ കഴിഞ്ഞില്ല. ഞരമ്പിന്റെ തകരാറെന്നും നട്ടെല്ലിന്റെ പ്രശ്‌നമാണെന്നും മസില്‍വീക്കമാണെന്നും മറ്റും വിദഗ്ധര്‍ പലതരത്തില്‍ അഭിപ്രായം പറഞ്ഞു.

ആറുമാസക്കാലം ചികിത്സയുമായി ബന്ധപ്പെട്ട് പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജിലും മണിപ്പാല്‍ ആസ്​പത്രിയിലും കഴിഞ്ഞു. സ്വയം എണീറ്റിരിക്കാനോ, നടക്കാനോ കഴിയില്ല. കട്ടിലില്‍ ഒരേ കിടപ്പുമാത്രം. തുണയായിരുന്ന അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. ശരീരമാകെ തളര്‍ന്ന മകളെവിട്ട് ജോലിക്കുപോകാന്‍ കഴിയാത്തതിനാല്‍ അമ്മ അവള്‍ക്ക് കൂട്ടിരിക്കുകയാണ്.

സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീട് നിര്‍മിക്കാന്‍ സഹായധനവും ലഭിക്കുന്നില്ല. കളനാട് കട്ടക്കാലില്‍ വാടകവീട്ടിലായിരുന്നു താമസം. വാടകനല്‍കാന്‍ പണം കണ്ടെത്താന്‍ നന്നേ വിഷമിച്ചു. സമീപവാസികളുടെയും മറ്റും കാരുണ്യംകൊണ്ടാണ് ഇതുവരെ കഴിഞ്ഞുപോന്നത്.

സജിനയുടെ ദുരിതം കേട്ടറിഞ്ഞ് പൊയിനാച്ചി ഡെന്റല്‍ കോളേജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ പ്രവര്‍ത്തകരുടെയും പൊയിനാച്ചി മുബാറക് ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെയും സഹായത്തോടെയാണ് സജിന ഇപ്പോള്‍ കഴിയുന്നത്.

വേദനകള്‍നിറഞ്ഞ ഇടവേളകളില്‍ സജിന മനസ്സില്‍തോന്നുന്ന കാര്യങ്ങള്‍ കടലാസുകളില്‍ എഴുതിനിറയ്ക്കും. പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ അവയെല്ലാം ഒത്തുചേര്‍ത്ത് പ്രസിദ്ധീകരിച്ചു. ഒടുവില്‍ 'കണ്ണുറങ്ങാതെ' എന്ന കവിതാസമാഹാരം പുറത്തിറക്കി.

പൊയിനാച്ചിയ്ക്കുസമീപം എവിടെയെങ്കിലും കുറച്ച് സ്ഥലം കണ്ടെത്തി ഇവര്‍ക്കായി വീടുവെച്ച് നല്കാമെന്ന പ്രതീക്ഷയിലാണ് സുമനസ്സുകള്‍. ഏറെ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് എ.പി.എല്‍. കാര്‍ഡാണ് അധികൃതര്‍ നല്കിയത്. വികലാംഗ പെന്‍ഷനോ, വിധവാ പെന്‍ഷനോ ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഈ കുടുംബത്തെ സഹായിക്കുന്നതിനും സ്വന്തമായി വീട് നിര്‍മിച്ചുനല്കുന്നതിനും പൊയിനാച്ചി മുബാറക് ജുമാ മസ്ജിദ് കമ്മിറ്റിയുടെയും പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സഹായംതേടുകയാണ്.

സംഭാവനകള്‍ സജിന ഭവന നിര്‍മാണ കമ്മിറ്റി, അക്കൗണ്ട് നമ്പര്‍: 626602010010795, ഐ.എഫ്.എസ്.സി. കോഡ്: യു.ബി.ഐ.എന്‍. 0562661, യൂണിയന്‍ ബാങ്ക്, പൊയിനാച്ചി ബ്രാഞ്ച്. ഫോണ്‍: 9947335705.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.