Latest News

ഖാസിയുടെ മരണം: സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു, ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്


കൊച്ചി: ചെമ്പിരിക്ക കടലില്‍ മരിച്ചനിലയില്‍ കണ്ട ചെമ്പിരിക്ക മംഗലാപുരം ഖാസിയും പ്രമുഖ പണ്ഡിതനും സമസ്ത വൈ. പ്രസിഡണ്ടുമായ സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അഡീഷനല്‍ എസ്.പി നന്ദകുമാര്‍ നായരാണ് ഇത്തരത്തിലൊരു നിഗമനത്തോടെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

ശാരീരിക ബുദ്ധിമുട്ടുകളും രോഗവും മൂലം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടില്‍ ഇത് സ്ഥിരീകരിക്കാനായി വിവിധ കാരണങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2010 ഫെബ്രവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. 

സാമ്പത്തിക ബാധ്യതകളും മറ്റ് ഇടപാടുകളും അവസാനിപ്പിച്ചിരുന്നുവെന്നതാണ് ആത്മഹത്യാ നിഗമനത്തിലത്തൊനായി സി.ബി.ഐ ഉന്നയിക്കുന്ന പ്രധാന കാരണം. വാഹന വായ്പയുമായി ബന്ധപ്പെട്ട് ബാങ്കില്‍ അടക്കാനുണ്ടായിരുന്ന പണം മരണത്തിനുമുമ്പ് ഖാസി അടച്ചിരുന്നു. കൂടാതെ, മരണത്തിന് രണ്ടുദിവസം മുമ്പ് ചെമ്പിരിക്ക പള്ളിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം വളരെ ദു:ഖിതനായാണ് കാണപ്പെട്ടതെന്നും പരിപാടി പൂര്‍ത്തിയാവും മുമ്പ് പോയതായും മൊഴിയിലുണ്ട്.
മരണത്തിന് തൊട്ടുമുമ്പത്തെ ദിവസം പിതാവിന്റെ ഖബറിടവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അന്ന് ബന്ധുവിന്റെ വീട്ടിലും സന്ദര്‍ശനം നടത്തിയെങ്കിലും വളരെ മൂകനായാണ് കാണപ്പെട്ടതത്രെ. വീട് പൂട്ടുന്നതിന് പുതിയ ലോക്ക് വാങ്ങിയതും മരണത്തിന് തൊട്ടുമുമ്പുള്ള ദിവസം ഖാസി ഉറക്കമില്ലാതെ കിടന്നുവെന്ന ഭാര്യ ആയിഷയുടെ മൊഴിയും ഇതാണ് സൂചിപ്പിക്കുന്നത്. സ്വകാര്യമായോ ഓഫിസ് സംബന്ധമായോ ആരുമായും അദ്ദേഹത്തിന് ഒരു വിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല.

ആത്മഹത്യക്കെതിരെ സംസാരിച്ചിരുന്ന അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളടക്കം മൊഴി നല്‍കിയതെങ്കിലും സാഹചര്യത്തെളിവുകള്‍ കാണിക്കുന്നത് ആത്മഹത്യയിലേക്ക് തന്നെയാണ്. 75 വയസ്സിന് മേല്‍ പ്രായമുള്ള അസുഖ ബാധിതനായ അദ്ദേഹത്തിന് എങ്ങനെ കടല്‍ തീരം വരെ നടക്കാന്‍ കഴിയുമെന്ന സംശയത്തെയും റിപ്പോര്‍ട്ടില്‍ ഖണ്ഡിക്കുന്നുണ്ട്. 

പള്ളിയുടെ 35 സ്‌റ്റെപ്പുകള്‍ കയറി പിതാവിന്റെ ഖബറിടത്തില്‍ പ്രാര്‍ഥിക്കാന്‍ പോയ അദ്ദേഹത്തിന് കടല്‍തീരം വരെ നടക്കാന്‍ കഴിയുമെന്നാണ് സി.ബി.ഐ വാദം. അദ്ദേഹം എഴുതാനിരിക്കുന്ന മുറിയില്‍ ഒരു തലയിണയുണ്ടായിരുന്നു. ഒരുപേക്ഷ, ഇതിനടിയില്‍ ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നിരിക്കാമെന്നും ബന്ധുക്കള്‍ ഇത് മാറ്റിയതാവാമെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍, ഖാസിയുടെ കുടയും ചെരിപ്പും പാറക്കെട്ടുകള്‍ക്ക് മുകളില്‍ കണ്ടെത്തിയിരുന്നെന്നും ശക്തമായ വേലിയേറ്റമുണ്ടായ സമയമായിട്ടും ഇത് ഒഴുകിപ്പോകാതിരുന്നതും നനയുകപോലും ചെയ്യാതിരുന്നതും സംശയാസ്പദമാണെന്നുമുള്ള ബന്ധുക്കളുടെ ആശങ്കക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല. 

വെള്ളം ഉള്ളില്‍ചെന്ന് മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും ശരീരത്തില്‍ മുറിവുകളുണ്ടായത് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പാറക്കെട്ടുകളില്‍നിന്ന് ഉണ്ടായതാവാമെന്ന് പറയുന്ന സി.ബി.ഐ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യാ സാധ്യത ഊന്നിപ്പറയുന്നുണ്ടെന്നും അവകാശപ്പെടുന്നു. 

നിരവധിപേരെ ചോദ്യം ചെയ്ത അന്വേഷണസംഘം ഒമ്പത് കര്‍ണാടക സ്വദേശികളടക്കം 18 ഓളം പേരെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിലും കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് ആത്മഹത്യയാണോ എന്ന് പരിശോധിക്കുന്നതിലേക്ക് സി.ബി.ഐ നീങ്ങിയത്. 

കൂടുതല്‍ പരിശോധനക്ക് ശേഷമാവും സി.ജെ.എം വി. ഹരി നായര്‍ റിപ്പോര്‍ട്ട് സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഖാസിയുടെ മരണത്തില്‍ സി.ബി.ഐയുടെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മകന്‍ മുഹമ്മദ് ഷാഫി, ഖാസി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.അബ്ദുല്‍ ഹമീദ് എന്നിവര്‍ നല്‍കിയ ഹരജികള്‍ നിലനില്‍ക്കെയാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.