Latest News

സ്ത്രീപീഡന കേസുകളില്‍ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: മഹിളാ അസോസിയേഷന്‍

കാസര്‍കോട്: സ്ത്രീപീഡന കേസുകളിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 

ജില്ലയില്‍ അടുത്തകാലത്തായി സ്ത്രീകള്‍ക്കെതിരെ പീഡനം വര്‍ധിക്കുന്നതും അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാത്തതും ആശങ്കയുണ്ടാക്കുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കാസര്‍കോട് ജില്ല മുന്നില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും നിയമത്തിന് മുന്നില്‍ വരുന്നതുമായ കേസില്‍ പോലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. 

പെര്‍ളയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് സഹായം ചെയ്തു. കാനത്തൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിക്ക് ദിവസങ്ങള്‍ക്കകം ജാമ്യം ലഭിച്ചു. ബന്തടുക്ക മാനടുക്കത്തെ സ്ത്രീയെ വീട്ടില്‍ കയറി അക്രമിച്ച കേസിലും നടപടിയുണ്ടായില്ല. സ്ത്രീകള്‍ക്കുണ്ടാകുന്ന അരക്ഷിതത്വബോധം ഇല്ലായ്മ ചെയ്യാന്‍ ഇത്തരം കേസുകളിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയെടുക്കണം.
യോഗത്തില്‍ പ്രസിഡന്റ് എം സുമതി അധ്യക്ഷയായി. സെക്രട്ടറി ഇ പത്മാവതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം ലക്ഷ്മി സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.