Latest News

എ.ടി.എമ്മിലെ ആക്രമണം; ജ്യോതിയുടെ മൊബൈല്‍ കണ്ടെടുത്തു

ബാംഗ്ലൂര്‍ : ബാംഗ്ലൂരിലെ എ.ടി.എം. ബൂത്തില്‍ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന കോര്‍പ്പറേഷന്‍ ബാങ്ക് മാനേജരും മലയാളിയുമായ ജ്യോതി ഉദയിന്റെ മൊബൈല്‍ഫോണ്‍ ആന്ധ്രയില്‍നിന്ന് പോലീസ് കണ്ടെടുത്തു.

മൊബൈല്‍ കൈവശംവെച്ച അനന്തപുര്‍ സ്വദേശി അബുസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ജ്യോതിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി കര്‍ണാടക ഡി.ജി.പി. ലാല്‍റോക്കുമ പച്ചുവ ഡല്‍ഹിയില്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അനന്തപുര്‍ ജില്ലയിലെ ഹിന്ദുപുര്‍ മാര്‍ക്കറ്റില്‍നിന്നാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബാഞ്ച് പോലീസ് മൊബൈല്‍ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യംചെയ്തു വരികയാണ്. ജ്യോതി ഉദയിനെ ആക്രമിച്ച പ്രതി മൊബൈല്‍ ഇയാള്‍ക്ക് വിറ്റതാകുമെന്നാണ് കരുതുന്നത്. അക്രമം നടന്ന ദിവസം രാത്രിതന്നെ മൊബൈല്‍ ഫോണ്‍ വിറ്റതായാണ് ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരം. വിലപേശലിനുശേഷം പ്രതി 500 രൂപയ്ക്കാണ് മൊബൈല്‍ഫോണ്‍ വിറ്റതെന്നും തെലുങ്കാണ് സംസാരിച്ചതെന്നും വ്യക്തമായി. പ്രതി ആന്ധ്രയിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് മൊബൈല്‍ കണ്ടെത്തിയത്.

അക്രമം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് ഒരുലക്ഷംരൂപ പരിതോഷികമായി നല്‍കുമെന്ന് ജോയന്‍റ് പോലീസ് കമ്മീഷണര്‍ ബി.കെ. സിങ് പറഞ്ഞു. മൊബൈല്‍ഫോണ്‍ ആന്ധ്രയില്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് അക്രമിയെ സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. വെട്ടേറ്റ് തളര്‍ന്നുവീണ ജ്യോതിയുടെ മൊബൈല്‍ഫോണും ഹാന്‍ഡ് ബാഗുമായാണ് പ്രതി കടന്നത്. അക്രമിയെ പിടികൂടുന്നതിന് പോലീസ് എട്ട് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.

തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ് ബി.ജി.എസ്. ഗ്ലോബല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ജ്യോതി ഉദയിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ. വെങ്കട്ടരമണന്‍ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടതായി ഭര്‍ത്താവ് ഉദയകുമാറും പറഞ്ഞു. ആസ്പത്രിയിലെ ന്യൂറോ ഇന്‍റന്‍സീവ് കെയര്‍യൂണിറ്റില്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ് ജ്യോതി. ചികിത്സാച്ചെലവ് പൂര്‍ണമായും വഹിക്കുമെന്ന് കോര്‍പ്പറേഷന്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. ആരോഗ്യവിവരമറിയാന്‍ ബാങ്കിലെ സഹപ്രവര്‍ത്തകര്‍ ആസ്പത്രിയിലെത്തിയിരുന്നു. ജ്യോതിക്ക് പരിക്കേറ്റ വിവരം മൂന്നുവയസ്സുകാരി മകള്‍ ആത്മികയെ അറിയിച്ചിട്ടില്ല. മകളെക്കുറിച്ച് തിരക്കുന്നുണ്ടെന്നും ഉദയകുമാര്‍ പറഞ്ഞു. മകളുടെ പിറന്നാളാണ് വെള്ളിയാഴ്ച.

ജ്യോതിയെ കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിയും നടത്തി. എ.ടി.എമ്മുകളില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ബാങ്കുകള്‍ക്ക് ഏതാനും മാസം മുമ്പ് നിര്‍ദേശം നല്‍കിയിരുന്നതായി കര്‍ണാടക ഡി.ജി.പി. പറഞ്ഞു.ഞായറാഴ്ചയ്ക്ക് മുമ്പ് ശക്തമായ സുരക്ഷാസംവിധാനം ഒരുക്കാത്ത എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ്‌കമ്മീഷണര്‍ രാഘവേന്ദ്ര ഔറേദ്ക്കര്‍ വ്യക്തമാക്കി. എ.ടി.എമ്മുകളുടെ അകത്തും പുറത്തും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കണം. അനിഷ്ടസംഭവങ്ങള്‍ അറിയിക്കുന്നതിനായി അലാറം സ്ഥാപിക്കാനും ഗാര്‍ഡുമാരെ നിയോഗിക്കാനും നിര്‍ദേശം നല്‍കി. നഗരത്തിലെ 2500 എ.ടി.എം. ബൂത്തുകളില്‍ 600 എണ്ണത്തില്‍ കാവല്‍ക്കാരില്ലെന്ന് കണ്ടെത്തിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.