Latest News

ബാലികയെ പീഡിപ്പിച്ച കുറ്റത്തിന് വധശിക്ഷ; മലയാളിയുടെ അപ്പീലില്‍ വാദം 18ലേക്ക് മാറ്റി

അബൂദബി: ഏഴ് വയസ്സുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്ന കുറ്റത്തിന് അബൂദബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചതിനെതിരെ മലയാളിയായ സ്കൂള്‍ ക്ളീനര്‍ അപ്പീല്‍ നല്‍കി. അപ്പീലില്‍ കോടതി തിങ്കളാഴ്ച പ്രാഥമിക വാദം കേട്ടു. അഭിഭാഷകനായ ജാസിം അല്‍സുവൈദിയാണ് മലയാളിയായ സ്കൂള്‍ ക്ളീനര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

അപ്പീലില്‍ പ്രതിഭാഗം സ്കൂളിലെ നാല് അധ്യാപകരെ സാക്ഷികളാക്കി ഹാജരാക്കിയിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദം നടന്നപ്പോള്‍ ഇവരുടെ തെളിവെടുപ്പ് നടന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നാല് പേരും കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും പറഞ്ഞു. എല്ലാവര്‍ക്കും അറബി സംസാരിക്കാന്‍ അറിയുമോയെന്ന് ജഡ്ജി ആരാഞ്ഞു. രണ്ട് പേര്‍ അറബി സംസാരിക്കുമെന്നും ബാക്കിയുള്ളവര്‍ക്ക് ഇംഗ്ളീഷ് അറിയാമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

അതേസമയം, കോടതിയില്‍ പ്രതിയെ ഹാജരാക്കിയിരുന്നില്ല. ഇതേതുടര്‍ന്ന് സാക്ഷികളുടെ വിസ്താരം കേള്‍ക്കാനും മനസ്സിലാക്കാനും പ്രതിയും വേണമെന്ന് ചൂണ്ടിക്കാട്ടി കേസ് നവംബര്‍ 18ലേക്ക് കോടതി മാറ്റുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ളാസ് അധ്യാപിക പറഞ്ഞത് അനുസരിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫിസില്‍ നിന്ന് രേഖകളെടുക്കാന്‍ പോയ ഏഴ് വയസ്സുകാരിയായ സ്വദേശി ബാലികയെ 56 കാരനായ മലയാളി ജീവനക്കാരന്‍ അടുക്കളയിലേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. വിവരം പുറത്തുപറഞ്ഞാല്‍ ബാലികയുടെ മാതാവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് ചീത്ത മണം ശ്രദ്ധയില്‍പെട്ട ബന്ധു അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.