Latest News

യുഎഇ ദേശീയദിനാഘോഷം: വീണ്ടും മലയാളിത്തിളക്കം


ദുബായ്:  യുഎഇ ദേശീയ ദിനാഘോഷത്തില്‍ വീണ്ടും മലയാളിത്തിളക്കം. 42-ാം ദേശീയദിനത്തോടനുബന്ധിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും അല്‍ ഗുറൈര്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ വാഹന അലങ്കാര മത്സരത്തില്‍ തുടര്‍ച്ചയായി നാലാം തവണയും കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ആണ് സമ്മാനം നേടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷം ഒന്നാം സ്ഥാനം നേടിയ ഇഖ്ബാല്‍ അവസാന വര്‍ഷം യുഎഇ തലത്തില്‍ നടത്തിയ മത്സരത്തില്‍ അയ്യായിരം വാഹനങ്ങളെ കവച്ചുവച്ചു രണ്ടാം സ്ഥാനവും നേടിയിരുന്നു.

സ്വദേശികളുടേതടക്കമുള്ള വാഹനങ്ങളോട് മത്സരിച്ചാണ് ഇപ്രാവശ്യവും ഇഖ്ബാലിന്റെ പുത്തന്‍ റേഞ്ച് റോവര്‍ വോഗിന്റെ നേട്ടം. യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ദുബായുടെ മുന്‍ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിന്‍ സഇൌദ് അല്‍ മക്തൂം, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് ചെയര്‍മാന്‍ ഷെയ്ഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവരുടെ വര്‍ണചിത്രങ്ങളും ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ് നിറങ്ങള്‍ ചേര്‍ന്ന യുഎഇ ദേശീയ പതാകയും ആലേഖനം ചെയ്ത വാഹനം വിധി കര്‍ത്താക്കളിലും കാഴ്ചക്കാരിലും വിസ്മയം പകര്‍ന്നു. വന്‍ തുക ചെലവഴിച്ചാണ് വാഹനം മോടി പിടിപ്പിച്ചത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി വാഹന അലങ്കാര മത്സരത്തില്‍ പങ്കെടുക്കാറുള്ള ഇഖ്ബാല്‍ വര്‍ഷങ്ങളായി ദുബായില്‍ ബിസിനസുകാരനാണ്. യുഎഇയെ അളവറ്റ് സ്നേഹിക്കാന്‍ കാരണങ്ങള്‍ ഒന്നിലേറെയാണെന്ന് ഇദ്ദേഹം പറയുന്നു. താനടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പോറ്റമ്മയായ ഈ അറബ് രാജ്യത്തോടുള്ള സ്നേഹം. സ്വദേശി കുടുംബത്തില്‍ നിന്ന് ജീവിത സഖിയെ ലഭിച്ചത് വഴി നല്ലൊരു ജീവിതമുണ്ടായതിനുള്ള നന്ദി.

വര്‍ഷങ്ങളായി ഇഖ്ബാല്‍ തന്റെ സ്നേഹവും കൂറും പല രീതിയില്‍ കാണിച്ചുകൊണ്ടിരിക്കുന്നു. ആദ്യമായി ചെയ്തത് തന്റെ വസ്ത്രധാരണത്തിലെ മാറ്റമാണ്. യുഎഇയിലുള്ളപ്പോള്‍ ഇദ്ദേഹം എന്നും സ്വദേശി വസ്ത്രമായ കന്തൂറ മാത്രമേ ധരിക്കൂ. തലയില്‍ ഷാള്‍ കെട്ടി, താടിരോമം പ്രത്യേക രീതിയില്‍ മുറിച്ചൊപ്പിച്ച് നടക്കുന്ന ഇഖ്ബാലിനെ കണ്ടാല്‍ സ്വദേശി യുവാവാണെന്നേ തോന്നൂ. ദുബായില്‍ ബിസിനസുകാരനായ ഇദ്ദേഹം വിലകൂടിയ വാഹനങ്ങളിലാണ് കറക്കം. ഇതിനിടെ, അറബി യുവാവായി പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പരസ്യത്തിലഭിനയിച്ചും ശ്രദ്ധേയനായി.

അബുദാബി യാസ് ദ്വീപില്‍ ഉടന്‍ നടക്കുന്ന യുഎഇ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിദ്ദേഹം. 1993 ല്‍ ഉപജീവനം തേടി ഇവിടെ എത്തിയ ഇഖ്ബാല്‍ ഒട്ടേറെ ജോലികള്‍ ചെയ്ത ശേഷമാണ് വ്യാപാരത്തിലേക്ക് തിരിഞ്ഞത്. അതിനിടെയാണ് സ്വദേശി യുവതിയെ കണ്ടുമുട്ടിയതും വിവാഹിതനായതും.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.