Latest News

കെ എസ് യു നേതാവ്‌ വി പി അബ്ദുള്‍ റഷീദിനു പോലീസ് സംരക്ഷണം


കണ്ണൂര്‍ : കെ എസ് യു വിന്റെ പ്രമുഖനേതാവും മുന്‍ നിര പ്രസംഗകനുമായ ചെറുപുഴ സ്വദേശി വി പി അബ്ദുള്‍ റഷീദിനു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. റഷീദിനെ ആക്രമിക്കുവാന്‍ പദ്ധതിയുണ്ടെന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ ആണ് ഉത്തരവിറക്കിയത്.

കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് കാമ്പസില്‍ രണ്ടാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയാണ് അബ്ദുള്‍ റഷീദ്. കോളേജില്‍ പോകുമ്പോഴും, പൊതു യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴും രണ്ടു ഗണ്‍മാന്‍മാരും സാധാരണ സമയങ്ങളില്‍ ഒരാളുമുണ്ടാകും.

ഒരു വര്‍ഷം മുന്‍പ് കോളേജ് കാമ്പസില്‍ വെച്ചും, പൊതുയോഗത്തില്‍ പ്രസംഗിച്ചു മടങ്ങുമ്പോള്‍ തിരുമേനിയില്‍ വെച്ചും റഷീദ് ആക്രമിക്കപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റഷീദ് മാസങ്ങളോളം ചികില്‍സയിലായിരുന്നു. ഇതു സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിലാണ്.

നവംബര്‍ ഒന്നിനു പാലയാട് കോളേജ് വിട്ട് വീട്ടിലേയ്ക്കു പോകുകയായിരുന്ന റഷീദിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചിരുന്നു. തുടര്‍ന്നും ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് സംരക്ഷണം.

എന്നാല്‍ തനിക്കു പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന റഷീദിന്റെ ആവശ്യം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരസിക്കുകയായിരുന്നു. വളര്‍ന്നു വരുന്ന ഈ യുവ നേതാവിനെ ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.