Latest News

ശാസ്ത്രവിസ്മയങ്ങളുടെ കൗതുകച്ചെപ്പു തുറന്ന് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് തുടക്കം


കണ്ണൂര്‍: ശാസ്ത്രവിസ്മയങ്ങളുടെ കൗതുകച്ചെപ്പു തുറന്ന് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് കണ്ണൂരില്‍ വര്‍ണാഭമായ തുടക്കം. ഇനി നാലുനാള്‍ കുരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും വിജ്ഞാനവും വിസ്മയവും പകരും. കണ്ണൂര്‍ മുനിസിപ്പല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.

കലോല്‍സവ വിജയികളുടേതുപോലെ ശാസ്ത്രമേളയിലെ വിജയികളുടെ പരിതോഷികവും ഈ വര്‍ഷം മുതല്‍ ഇരട്ടിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരുടെ പാരിതോഷിക തുക 1000, 800, 600 എന്നതില്‍നിന്ന് യഥാക്രമം 2000, 1600, 1200 എന്നിങ്ങനെ ഇരട്ടിയാക്കി വര്‍ധിപ്പിക്കും. ഐ.ടി. മേളയെ ശാസ്ത്രമേളയുടെ ഭാഗമാക്കിയെങ്കിലും പൂര്‍ണമായും മാന്വലിലേക്കു മാറിയിട്ടില്ല. അടുത്ത മേളയ്ക്കുമുമ്പ് ഇതു നടപ്പാക്കും. അടുത്തവര്‍ഷം മുതല്‍ മേളയുടെ പേര് ശാസ്‌ത്രോല്‍സവം എന്നാക്കി മാറ്റാന്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. കണ്ണൂരില്‍ ഹയര്‍സെക്കന്‍ഡറി മേഖലാ ഓഫിസും തളിപ്പറമ്പില്‍ ഡി.ഇ. ഓഫിസും ഉടന്‍ ഉദ്ഘാടനം ചെയ്യും. ഒട്ടേറെ സിദ്ധികളുള്ള കുട്ടികളുടെ കഴിവ് അവരുടെ മസ്തിഷ്‌കത്തില്‍ കിടക്കേണ്ടതല്ല. സമൂഹത്തിനും ശാസ്ത്രത്തിനും മുതല്‍ക്കൂട്ടാവണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്്ടര്‍ കേശവേന്ദ്രകുമാര്‍, സണ്ണി ജോസഫ് എം.എല്‍.എ, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, ഐ.ടി. അറ്റ് സ്‌കൂള്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ബാബു സെബാസ്റ്റ്യന്‍, സി സീനത്ത്, സി കെ മോഹനന്‍, മുഹമ്മദലി വിളക്കോട്ടൂര്‍ പങ്കെടുത്തു. സുവനീര്‍ പ്രകാശനം മന്ത്രി അബ്ദുറബ്ബ് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അസി. ഡി.പി.ഐ. എ അരുണ്‍കുമാറിനു നല്‍കി നിര്‍വഹിച്ചു. 

നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ ഇഗ്നൈറ്റ്-'13 ദേശീയ അവാര്‍ഡ് നേടിയ തിരുവനന്തപുരം തിരുമല എ.എം.എച്ച്.എസ്.എസിലെ അതീര്‍ഥ് ചന്ദ്രന് മന്ത്രി ഉപഹാരം സമ്മാനിച്ചു. രാവിലെ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പതാക ഉയര്‍ത്തി. തിങ്കളാഴ്ച രജിസ്‌ട്രേഷനാണു നടന്നത്. 5305 കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്. മല്‍സരങ്ങളും പ്രദര്‍ശനങ്ങളും ചൊവ്വാഴ്ച മുതല്‍ തുടങ്ങും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.