Latest News

ഗര്‍ഭിണിയായ നവവധുവിന്റെ മരണം; ഭര്‍ത്താവിന്റെ മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: മാങ്കടവ് ക്വാര്‍ട്ടേഴ്‌സില്‍ 20കാരിയായ നവവധു ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്റെ പീഡനവും പരസ്ത്രീകളുമായുള്ള ബന്ധവുമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മദ്രസ അധ്യാപകനും പള്ളി ഇമാമുമായ നസീറിനെ പ്രതിചേര്‍ത്ത് ആത്മഹത്യാ പ്രേരണകുറ്റത്തിന് വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്. 

പ്രതി ഇപ്പോള്‍ റിമാന്റിലാണ്. രണ്ടരമാസം ഗര്‍ഭിണിയായ സജ്‌നയെയാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്വാര്‍ട്ടേഴ്‌സില്‍ കിടപ്പറയിലെ ജനാലഴിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഈ വീട്ടില്‍ കട്ടിലൊ ടെലിവിഷനോ താമസിക്കാനുള്ള അത്യാവശ്യ സാധനങ്ങളോ ഉണ്ടായിരുന്നില്ല. 30 പവനും ഒരുലക്ഷത്തിലേറെ രൂപയും സ്ത്രീധനം കൊടുത്താണ് നസീറിനെ സജ്‌ന സ്വന്തമാക്കിയത്.

വീരാജ്‌പേട്ട സ്വദേശിനിയായ സജ്‌ന പ്ലസ്ടു ജയിച്ച് മൈസൂരില്‍ നഴ്‌സിംഗ് പഠനത്തിന് പോകുന്നതിനിടയിലാണ് നസീറുമായി വിവാഹം നടത്തിയത്. നസീറിന് മറ്റ് ചില പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് സജ്‌ന വീട്ടുകാരോടും കൂട്ടുകാരികളോടും പറഞ്ഞതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. മേശപ്പുറത്തുള്ള ഒരു നോട്ടു ബുക്കില്‍ നാല്‌പേജുള്ള സജ്‌നയുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 

അതില്‍ ഭര്‍ത്താവിന്റെ പരസ്ത്രീകളുമായുള്ള മൊബൈല്‍ ബന്ധത്തെ കുറിച്ചും പീഡനവും മറ്റും പരാമര്‍ശിച്ചിട്ടുണ്ട്. നസീര്‍ മറ്റ് സ്ത്രീകളുമായി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച് വാക്ക്തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സജ്‌നയെ തല്ലിയതായും കത്തില്‍ പറയുന്നു. മണിക്കൂറുകളോളം മറ്റ് സ്ത്രീകളുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണെന്നും സ്‌നേഹം കിട്ടിയിട്ടില്ലെന്നും കൂട്ടുകാരികളോട് പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സ്ത്രീധനമായി കിട്ടിയ തുകക്ക് പുറമെ ഒരുലക്ഷം രൂപ ഉടന്‍ കിട്ടണമെന്നാവശ്യപ്പെട്ട്
ഭാര്യയെ നസീര്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവത്രെ. വീട്ടില്‍ ഭക്ഷണം പാകംചെയ്യാറില്ലായിരുന്നു. മദ്രസ അധ്യാപകനെന്ന പരിഗണനയില്‍ ചില പള്ളി വക വീടുകളില്‍ നിന്ന് കിട്ടുന്ന ഭക്ഷണമാണ് ഇരുവരും കഴിക്കാറുള്ളതെന്ന് പോലീസ് പറഞ്ഞു. തൂങ്ങിമരിക്കുന്നതിന് മുമ്പ് കാലത്ത് 7മണിക്ക് ഭര്‍ത്താവിനെ സജ്‌ന വിളിച്ചിരുന്നു. നിങ്ങള്‍ എത്രമണിക്കാണ് വീട്ടില്‍ വരികയെന്ന് അന്വേഷിച്ചതായും തുടര്‍ന്ന് ഭക്ഷണവുമായി വീട്ടിലെത്തിയപ്പോഴാണ് ഭാര്യ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് നസീര്‍ പോലീസിന്
മൊഴി നല്‍കി.

നസീറിന്റെ മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.സ്ത്രീകളുമായി ബന്ധമില്ലെന്നും മദ്രസയില്‍ പഠിക്കുന്ന കുട്ടികളുടെ ക്ഷേമാന്വേഷണത്തിനാണ് അവരുടെ രക്ഷിതാക്കള്‍
വിളിക്കാറുള്ളതെന്നും ഇതില്‍ ഭാര്യ സംശയം പ്രകടിപ്പിക്കാറുണ്ട്. ഭാര്യയെ പൊന്നുപോലെയാണ് താന്‍ നോക്കിയതെന്നും നസീര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നസീര്‍ വിളിച്ച ഫോണ്‍കോളുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചുവരുന്നു.

കണ്ണൂര്‍ ഡി വൈ എസ് പി പി സുകുമാരനാണ് കേസ് അന്വേഷണം നടത്തുന്നത്. സജ്‌നയുടെ ബന്ധുക്കളില്‍ നിന്ന് പോലീസ് ചൊവ്വാഴ്ച മൊഴിയെടുക്കും. കഴിഞ്ഞമാസം ഒരു സ്ത്രീയും കുട്ടിയും നസീറിനെ അന്വേഷിച്ച് മാങ്കടവിലെത്തിയതായി പരിസരവാസികള്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. നേരത്തെ നസീര്‍ ശിവപുരത്തും കാഞ്ഞങ്ങാട്ടും പള്ളി-മദ്രസകളില്‍ ജോലിചെയ്തിട്ടുണ്ട്. ശിവപുരത്ത് ജോലി ചെയ്ത വിവരം മാങ്കടവിലെ പള്ളി മദ്രസകമ്മറ്റി ഭാരവാഹികളെ നസീര്‍ അറിയിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Case, Police, Mobile

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.