Latest News

ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി 353 പുതിയ ബി പി എല്‍ കാര്‍ഡുകള്‍ നല്‍കും


കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ 29 ന് കാസര്‍കോട് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 353 പുതിയ ബി പി എല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ചുമതലയുളള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ നടന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 6743 പരാതികള്‍ പരിശോധിച്ചു. 

ജനസമ്പര്‍ക്ക പരിപാടിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്ത അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അറിയിപ്പ് നല്‍കും. ബി പി എല്‍ കാര്‍ഡ്- 2778, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായം - 831, വികലാംഗര്‍ക്കുളള സഹായം- 58, വീടുകള്‍ -568, ജോലി- 166, പോലീസ് സഹായം -22, വൈദ്യുതി, കുടിവെളളം -132, വീട്ടു നമ്പര്‍- 22, ഗതാഗതം- 73, വിദ്യാഭ്യാസം - 42, ആരോഗ്യം -107, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനം- 64, റോഡ്, കെട്ടിട അറ്റകുറ്റ പണി - 109, പി എസ് സി -35, സഹകരണ സംഘം- 17, വായ്പ -358, പട്ടയം- 692. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ -20, മറ്റു സേവനങ്ങള്‍- 814 എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്. ഇതില്‍ ബി പി എല്‍ കാര്‍ഡിന് അര്‍ഹരായ 353 പേര്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാര്‍ഡ് നല്‍കുക.
സാമൂഹിക സാമ്പത്തിക സെന്‍സസ് പ്രസിദ്ധീകരിച്ചതിനു ശേഷം, അവശേഷിക്കുന്ന പരാതികളില്‍, അര്‍ഹരായവര്‍ക്ക് ബി പി എല്‍ കാര്‍ഡ് അനുവദിക്കും. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക ശേഷം ഭൂരിഭാഗം അപേക്ഷകളിലും ജില്ലാതലത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുളള അപേക്ഷകളാണ് കൃഷിമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരിഹരിക്കുന്നതിന് മാറ്റിവെച്ചത്. പഞ്ചായത്തുകളില്‍ സമര്‍പ്പിച്ച പെന്‍ഷനുകള്‍ക്കുളള 18 പരാതികള്‍ ഇതിനകം പരിഹരിച്ച് പെന്‍ഷന്‍ അനുവദിച്ചു. ബാക്കിയുളള നാല്‍പ്പതോളം പരാതികള്‍ നിര്‍ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷ ലഭിച്ചാല്‍ തീര്‍പ്പാക്കുമെന്നും പരാതിക്കാരെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വിജയിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരുടേയും പൊതുജനങ്ങളുടേയും സഹകരണം കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ അഭ്യര്‍ത്ഥിച്ചു. ആറായിരത്തിലേറെ പരാതികളില്‍ ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ 109 റോഡുകള്‍ നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതില്‍ 41 എണ്ണം നിര്‍മ്മിക്കാനുളള ഭരണാനുമതി ഇതിനകം നല്‍കിയതായി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മറ്റുളള റോഡുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സര്‍ക്കാറിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ ചെറുതും വലുതുമായ ഏഴ് കുടിവെളള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അപേക്ഷകരെ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അനുവദിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ട് ഇതുവരെ ജോലി ലഭിക്കാത്ത നാലു പേരെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അനുവദിക്കും. പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചു അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് പരിപാടിയില്‍ പട്ടയം വിതരണം ചെയ്യും. 

ആശുപത്രികളില്‍ ജീവനക്കാരുടെയും ഡോക്ടര്‍മാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുളള അപേക്ഷയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരും.ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം വര്‍ദ്ധനവ് സംബന്ധിച്ച 64 അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരും. നിലവില്‍ ജില്ലയില്‍ 70 ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്നും ഈ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനമാണ് നടത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ശാരീരിക വൈകല്യമുളളവര്‍ക്ക് 22 ഇരുചക്ര വാഹനങ്ങളും അനുവദിക്കാനുളള നടപടി പുരോഗമിച്ചു വരുന്നു. അര്‍ഹരായവര്‍ക്ക് വീടുകള്‍ക്കായുളള നമ്പര്‍ നല്‍കാനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സബ്കളക്ടര്‍ കെ ജീവന്‍ ബാബു, എ ഡി എം എച്ച്.ദിനേശന്‍, ജനസമ്പര്‍ക്ക പരിപാടി നോഡല്‍ ഓഫീസറായ എന്‍ ദേവിദാസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ടി രാമചന്ദ്രന്‍, പി കെ സുധീര്‍ ബാബു, വി പി മുരളീധരന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.