Latest News

സെയ്ഫുദ്ദീന്‍ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്

കാസര്‍കോട്: നീലേശ്വരം തീര്‍ഥങ്കര കുളത്തിലെ നീന്തല്‍പാഠവുമായി സെയ്ഫുദ്ദീന്‍ എന്ന പോലീസുകാരന്‍ കാനഡയിലെ സ്വിമ്മിങ്പൂളിലേക്ക്. 2014ല്‍ കാനഡയില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലാണ് എം.ടി.പി.സെയ്ഫുദ്ദീന്‍ (41) ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്. 

ഗുജറാത്ത് രാജ്‌കോട്ടില്‍ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് മത്സരത്തില്‍ 50 മീറ്റര്‍ ബട്ടര്‍ഫൈ്‌ളസ്‌ട്രോക്കില്‍ സ്വര്‍ണവും 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ വെങ്കലവും 4X 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെള്ളിയും നേടി. അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യന്‍ പരിശീലന ക്യാമ്പിനുശേഷമായിരിക്കും ലോക മത്സരത്തിനിറങ്ങുക. ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി നേഷന്‍ (ഫിന)ആണ് മത്സരം സംഘടിപ്പിക്കുന്നത്.

കുമ്പള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സെയ്ഫുദ്ദീന്‍ 1984 മുതല്‍ നീന്തല്‍ രംഗത്തുണ്ട്. 2008ല്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ഫിന-ലോക മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്താംസ്ഥാനം നേടിയിരുന്നു. 2008ല്‍ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടി. 2009ല്‍ സിഡ്‌നിയില്‍ നടന്ന ലോക മാസ്റ്റേഴ്‌സ് നീന്തലില്‍ എട്ടാംസ്ഥാനം നേടി. സംസ്ഥാന അക്വാട്ടിക് അസോസിയേഷന്റെ അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിയാണ്. പരേതനായ സി.കെ.അബ്ദുള്ളയുടെയും എം.ടി.പി.സഫിയയുടെയും മകനാണ് സെയ്ഫുദ്ദീന്‍. കാസര്‍കോട് താലൂക്ക് ഓഫീസിലെ റുഖിയയാണ് ഭാര്യ. റിയാ റോസ്, റിസാ റോസ് എന്നിവര്‍ മക്കള്‍.

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ ഐ.സി.പ്രദീപന്‍, തിരുവനന്തപുരം സെക്രട്ടേറിയറ്റ് ജീവനക്കാരനായ വിനോദ്, തിരുവനന്തപുരത്തെ എസ്.സരിത, തിരുവനന്തപുരത്തെ ആര്‍.ലതാകുമാരി, പയ്യന്നൂര്‍ വെള്ളൂരിലെ സി.ചന്ദ്രന്‍, തിരുവനന്തപുരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ വിനോദ്, ഇടുക്കിയിലെ ബേബി വര്‍ഗീസ്, കോട്ടയം പാലായിലെ തോമസ് തുടങ്ങിയവരും കേരളത്തില്‍നിന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.