Latest News

'മകളെ ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്യിച്ചു'- പിതാവിന്റെ കരള്‍പിളരുന്ന വെളിപ്പെടുത്തല്‍


പന്തിരിക്കര: ''എന്റെ മകളെ അവര്‍ ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്യിച്ചതാണ്. ഒരുതവണ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ വീണ്ടും വേട്ടയാടി ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്യിച്ചു. പിന്നീട് കുടുംബപ്രാരബ്ധവും രോഗവും കാരണമാണെന്ന കള്ളക്കഥ പ്രചരിപ്പിച്ചു''- പന്തിരിക്കരയിലെ സെക്‌സ് റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്ത 10ാം ക്ലാസുകാരി മരിക്കുന്നതിനു മുമ്പെഴുതിയ ഡയറിക്കുറിപ്പ് കാണിച്ച് കരള്‍പിളരുന്ന വേദനയോടെ പിതാവു പറഞ്ഞു.

'ജീവിക്കാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. പഠിച്ച് നല്ലനിലയില്‍ എത്തണമെന്നുമുണ്ടായിരുന്നു. എല്ലാവരുടെയും ആഗ്രഹം സഫലമാവണമെന്നില്ലല്ലോ? അതുപോലെ എന്റെയും.' പലതവണ കണ്ണീര്‍വീണു നനഞ്ഞ ഡയറിയിലെ താള്‍ നെഞ്ചോടു ചേര്‍ത്തു വിങ്ങിപ്പൊട്ടുകയാണ് പന്തിരിക്കരയിലെ സെക്‌സ് റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ജീവന്‍വെടിഞ്ഞ 10ാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍. നിര്‍ധന കുടുംബത്തില്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍ പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കിയാണ് വിടരുംമുമ്പേ പൊലിഞ്ഞത്. കലാ-കായിക മല്‍സരങ്ങളിലും മകളുടെ മികവിന്റെ അംഗീകാരമായ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് പന്തിരിക്കര ചാക്കോട്ടുപാറയിലെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഒറ്റമുറി കൂരയ്ക്കു മുന്നിലിരുന്ന് മകളെക്കുറിച്ച് പറയുമ്പോള്‍ ആ പിതാവിനു വാക്കുകള്‍ പാതിമുറിഞ്ഞ് വിതുമ്പി.

കഴിഞ്ഞ ആഗസ്ത് 17നാണ് മകളെ വീടിനകത്ത് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിന്നീട് ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി. ആഗസ്ത് 15നും 17നുമായി രണ്ടു കുറിപ്പുകളാണുണ്ടായിരുന്നത്. രണ്ടാമത്തെ കുറിപ്പില്‍ ആദ്യത്തെ പരീക്ഷണം സഫലമായില്ലെന്നു പറഞ്ഞിരുന്നു. പിന്നീട് പന്തിരിക്കരയിലെ മറ്റൊരു പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകള്‍ പുറംലോകം അറിഞ്ഞത്.

ആത്മഹത്യചെയ്യുന്നതിന് 20 ദിവസം മുമ്പ് ആശുപത്രിയില്‍ വച്ചു കണ്ടപ്പോള്‍ ഞാന്‍ ഇവരുടെ വലയില്‍പ്പെട്ടതായും നീയെങ്കിലും രക്ഷപ്പെടണമെന്നും 10ാംക്ലാസുകാരിയായ പെണ്‍കുട്ടി പറഞ്ഞതായും മൊഴി യിലുണ്ട്.

കേസും കൂട്ടവുമായി നടക്കേണ്ടെന്ന് പലരുടെയും ഭീഷണിയുമുണ്ട്. മകളുടെ മരണത്തെ തുടര്‍ന്ന് പന്തിരിക്കര മീത്തല്‍ അങ്ങാടിക്കടുത്തുള്ള നാല് സെന്റ് ഭൂമിയിലെ വീട് പൊളിച്ച് ചക്കോട്ടുപാറയിലെ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലേക്കു താമസം മാറ്റിയിരിക്കുകയാണ്. രാത്രിയില്‍ വീടിനടുത്ത് ചിലര്‍ വാഹനത്തിലെത്തുന്നുണ്ട്. അപായപ്പെടുത്തുമെന്ന് ഭയന്ന് ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം അയല്‍പക്കത്തെ വീട്ടിലാണ് രാത്രിയില്‍ തങ്ങുന്നത്. ഭയം കാരണം ഹോസ്റ്റലില്‍ പഠിക്കുന്ന മകളെ വീട്ടിലേക്കു കൊണ്ടുവരാന്‍പോലും കഴിയുന്നില്ല. എന്തൊക്കെ ചെയ്താലും എന്റെ പ്രിയപ്പെട്ട മകള്‍ തിരിച്ചുവരില്ലെന്നറിയാം.

എന്നാല്‍, ഇത്തരമൊരു ദുരന്തം ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാവരുത്. അതിനാല്‍ മകളുടെ മരണത്തിനു കാരണക്കാരായ മുഴുവന്‍പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്ന് വേദന കടിച്ചമര്‍ത്തി ആ പിതാവ് പറഞ്ഞു.
(കടപ്പാട്: തേജസ്)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.