സംഘത്തലവന്‍ കണ്ണാടി കടലാകുറുശ്ശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് (സ്പിരിറ്റ് പ്രസാദ്-36), കൊല്ലങ്കോട് ഊട്ടറ മലയമ്പള്ളം കറുത്തേടത്ത് മധു (35), ഊട്ടറ മലയമ്പള്ളം പുലാഴികുളമ്പ് രാജേന്ദ്രന്‍ (കുഞ്ചു-23), കണ്ണാടി കാവുവട്ടം പുത്തന്‍പുര അജീഷ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ജി. സോമശേഖര്‍ പറഞ്ഞു.
നവംബര്‍ 18ന് രാവിലെയായിരുന്നു സംഭവം. പാലക്കാട് കോട്ടയ്ക്കകത്തെ സബ്ജയിലില്‍നിന്ന് കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കൊലക്കേസ്പ്രതി കുഴല്‍മന്ദം കാട്ടിരംകാട് പ്രകാശനെയാണ് (40) വെട്ടിക്കൊന്നത്. ജൂണ്‍ മൂന്നിന് കുഴല്‍മന്ദം കാട്ടിരംകാട് ശിവദാസനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാംപ്രതിയായിരുന്നു പ്രകാശന്‍.
ശിവദാസന്റെ ബന്ധുക്കള്‍ നടത്തിയ പകപോക്കലാണ് പ്രകാശന്റെ കൊലപാതകമെന്ന് പോലീസ് പറയുന്നു. പ്രകാശനെ വെട്ടിയശേഷം രക്ഷപ്പെട്ട പ്രജീഷ്, മനോജ് എന്നിവരെയും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വടിവാള്‍ സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ്, കൊല്ലപ്പെട്ട ശിവദാസന്റെ സഹോദരന്‍ ശെല്‍വദാസ്, ബന്ധു സുധീഷ് (മോനു) എന്നിവരെയും ഇനിയും പിടികൂടാനുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
പ്രകാശന്‍ പുറത്തിറങ്ങിയാല്‍ തങ്ങളെ ആക്രമിക്കുമെന്ന ഭയമാണ് പ്രകാശനെ വകവരുത്താനുള്ള തീരുമാനത്തിനുപിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചു. കണ്ണാടിയിലുള്ള അജീഷ്മുഖേന കൃഷ്ണപ്രസാദിനെ ബന്ധപ്പെട്ട് ക്വട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രധാന പ്രതികളെക്കൂടി പിടികൂടിയാലേ ക്വട്ടേഷന്‍തുക എത്രയെന്ന് വ്യക്തമാകൂയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നവംബര്‍ 17ന് രാത്രി നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത സംഘം കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ പദ്ധതി ആസൂത്രണംചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രകാശനെ ജയിലില്‍നിന്ന് പുറത്തേക്ക് നടത്തിക്കൊണ്ടുവരുന്ന സമയം പ്രകാശന്റെ ഷര്‍ട്ടിന്റെ നിറം പ്രജീഷിനും മനോജിനും പറഞ്ഞുകൊടുത്തത് മധുവും രാജേന്ദ്രനുമാണ്. ഇരുവരും പോലീസുകാരുടെ പിറകിലൂടെയെത്തി വാടികയ്ക്ക് മുന്നിലുള്ള ചെക്‌പോസ്റ്റില്‍ എത്തുന്നതിനുമുമ്പ് പ്രകാശനെ തള്ളിവീഴ്ത്തി കൈയില്‍ കരുതിയിരുന്ന ചേറ്റുകത്തികൊണ്ട് കഴുത്തിന്റെ വലതുവശത്ത് വെട്ടിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന്, വാടികയുടെ കിഴക്കുവശത്തെ ഇരുമ്പുപടിയുടെ അടിയിലൂടെ നുഴ്ന്നിറങ്ങി റോഡരികില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രകാശനുള്‍പ്പെടെയുള്ളവരെ കോടതിയിലെത്തിക്കാന്‍ 22 അംഗ പോലീസ്‌സംഘം എത്തിയിരുന്നെങ്കിലും രണ്ടുപേര്‍ മാത്രമാണ് പ്രകാശനൊപ്പം ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ ഏറെ പിറകിലായിരുന്നു. പോലീസുകാരുടെ കൈയില്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി പിസ്റ്റള്‍ ഉണ്ടായിരുന്നെങ്കിലും ഉപയോഗിക്കാനായില്ല. ഇത് കൃത്യനിര്‍വഹണത്തിലെ വീഴ്ചയായി കരുതിയാണ് ഇവരെ സസ്‌പെന്‍ഡ്‌ചെയ്തതെന്ന് എസ്.പി. ജി. സോമശേഖര്‍ പറഞ്ഞു.
ഡിവൈ.എസ്.പി. പി.കെ. മധുവിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി. സന്തോഷ്, കെ.എം. ബിജു, ടൗണ്‍ സൗത്ത് എസ്.ഐ. എം. സുജിത്ത്, ഗ്രേഡ് എസ്.ഐ. പി.കെ. വിജയന്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ജലീല്‍, കെ.എ. അശോക്കുമാര്‍, ജയകുമാര്‍, സുനില്‍, അനൂപ്, റിനോയ്. എം. വിജയന്‍, സി.എസ്. സാജിദ്, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. നൂറോളം ആളുകളെ ചോദ്യംചെയ്യുകയും ആയിരത്തോളം ഫോണ്‍കോളുകള്‍ പരിശോധിക്കുകയും ചെയ്തു.


No comments:
Post a Comment