Latest News

മകളുടെ വിവാഹ പന്തലില്‍ ആറു പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കി ഒരച്ഛന്‍

തൃശൂര്‍: സ്വന്തം മകള്‍ക്കൊപ്പം ആറു പെണ്‍കുട്ടികളെയും ചേര്‍ത്ത്പിടിച്ച് നെറുകയില്‍ കൈവച്ച് ദീര്‍ഘസുമംഗലീ ഭവ എന്ന് മനസ്സില്‍തൊട്ട് അനുഗ്രഹിക്കുമ്പോള്‍ ആ അച്ഛന്റെ കണ്ണില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു.

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി വില്ലുപറമ്പില്‍ മുരളീധരന്റെ ചിരകാല സ്വപ്‌നമായിരുന്നു മകളുടെ വിവാഹങ്ങള്‍ക്കൊപ്പം നിര്‍ധനരായ യുവതികള്‍ക്കും ജീവിതമൊരുക്കുകയെന്നത്. ഞായറാഴ്ച ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ മകള്‍ മമത ലക്ഷ്മിയുടെ വിവാഹത്തിനൊപ്പം ആറു പെണ്‍കുട്ടികള്‍കൂടി വിവാഹിതരായപ്പോള്‍ ഇതൊരു ധന്യമുഹൂര്‍ത്തത്തിന്റെ സാക്ഷാത്ക്കാരമായി മാറി.

കാക്കനാട് സ്വദേശി ആരോമല്‍ ജയരാജുമായാണ് മമത ലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബൈയില്‍ വ്യവസായിയായ മുരളീധരന്‍ പാവപ്പെട്ട ആറുപേര്‍ക്കും 10 പവന്റെ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും ബന്ധുക്കള്‍ക്കടക്കം മൂന്നുതരം പായസംവീതമുള്ള സദ്യയും നല്‍കികൊണ്ടാണ് മകളുടെ വിവാഹജീവിതത്തിന് മംഗളകരമായ തുടക്കമിട്ടത്.

ഹിന്ദു മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട ദമ്പതികളായിരുന്നു വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ വരണമാല്യം ചാര്‍ത്തിയത്. മാള പള്ളിപ്പുറം തേമാലിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ മകള്‍ ലൈലയും അഴീക്കോട് സ്വദേശി സെയ്തുമുഹമ്മദ് മകന്‍ ജലീലും മാള കറപ്പം വീട്ടില്‍ അന്‍വര്‍ മകള്‍ രഹനായും കൊച്ചിസ്വദേശി മജീദിന്റെ മകന്‍ ശമീറും പെരിങ്ങണ്ണൂര്‍ കാവുങ്ങള്‍ മോഹനന്റെ മകള്‍ അജ്ഞന മോഹനും എടക്കളത്തൂര്‍ സ്വദേശി തോമസ് മകന്‍ ടിറ്റോ തോമസും നടുവിലങ്ങാടി കെ.ലി സേവി മകള്‍ ആന്‍സി മറിയയും ആവണൂര്‍ ഇട്ടിക്കുന്നത്ത് ജോര്‍ജ്ജ് മകള്‍ അനൂപ് ജോര്‍ജ്ജും പീച്ചി ചേന്നിപ്പാറ മോടിയില്‍ പരേതനായ ബാബു മകള്‍ വിന്നി ബാബുവും പീച്ചി ഏലം പറമ്പില്‍ ജിയോ യുമാണ് ഞായറാഴ്ച പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്.

എടത്തിരുത്തി പഞ്ചായത്തിലെ യോഗിനി മാത ബാലിക സദനത്തിലെ നിവാസി വിനീതയും ഇയ്യാല്‍ കേച്ചേരി തലേക്കര വീട്ടില്‍ രാജന്‍ മകന്‍ വിജയ് രാജും തമ്മിലുള്ള വിവാഹം വിദേശത്തുള്ള വിജയ് രാജിന് എത്താന്‍ സാധിക്കാത്തതിനാല്‍ ഈ മാസം 14ലേക്ക് മാറ്റിവെച്ചു.

രണ്ടു പെണ്‍കുട്ടികളാണ് മുരളീധരന്‍ റീന മുരളീധരന്‍ ദമ്പതികള്‍ക്കുള്ളത്. അടുത്ത മകളുടെ വിവാഹത്തിന് 15 പണ്‍കുട്ടികള്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ സൗജന്യമായി നല്‍കാനാണ് പദ്ധതിയെന്ന് മുരളീധരന്‍ പറഞ്ഞു. പി.സി ചാക്കോ എം.പി. എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍. തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി വിന്‍സന്റ്, മുസ്‌ലിം ലീഗ് ദേശീയ പ്രവര്‍ത്തകസമിതി അംഗം എം.കെ മാലിക് എന്നിവര്‍ വധൂവരന്‍മാര്‍ക്ക് മാലയും ബൊക്കയും നല്‍കി ആശീര്‍വദിച്ചു. വിദേശത്തുള്ള വിശിഷ്ടാതിഥികള്‍ക്കും മറ്റുമായി ചൊവ്വാഴ്ച കൊച്ചി ലേമെറഡിയനില്‍ വിവാഹസത്ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thrissur, Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.