Latest News

‘ഉദിനൂര്‍ ഒപ്പന’ കാണാന്‍ ദല്‍ഹി സംഘം 18ന് എത്തും

തൃക്കരിപ്പൂര്‍: റിപ്പബ്ളിക് ദിനത്തില്‍ തലസ്ഥാനത്ത് ഒപ്പന അവതരിപ്പിക്കുന്ന ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമിന്‍െറ പ്രകടനം കാണാന്‍ ദല്‍ഹിയില്‍ നിന്നുള്ള സംഘം നവംബര്‍ 18ന് അഞ്ചു മണിക്ക് ഉദിനൂരില്‍ എത്തും.

19ന് രാവിലെയും സംഘം പരിശീലനം കാണാനുണ്ടാവും. റിപ്പബ്ളിക് ദിന ചരിത്രത്തില്‍ ഒപ്പന പരേഡിന്‍െറ ഭാഗമാകുന്നത് ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് ഉദിനൂരിലെ ഒപ്പന ടീമിന് പുറമെ ആന്ധ്രയില്‍ നിന്നുള്ള സംഘത്തെയും ക്ഷണിച്ചിട്ടുണ്ട്. കേരള ഫോക്ലോര്‍ അക്കാദമിയുടെ സഹായത്തോടെ തഞ്ചാവൂര്‍ ദക്ഷിണേന്ത്യന്‍ സാംസ്കാരിക കേന്ദ്രത്തിന്‍െറ ശിപാര്‍ശ പ്രകാരമാണ് ക്ഷണം ലഭിച്ചത്. കഥക് നര്‍ത്തകന്‍ ജയ്പൂര്‍ ഘരാനയിലെ രാജേന്ദ്ര ഗംഗാനി, ഒഡിസി നര്‍ത്തകി ഗീതാ മഹാളിക്, ഒഡിസി ഗുരു പത്മശ്രീ രഞ്ജനാ ഗൗഹര്‍ , ഭരതനാട്യം കുലപതി സരോജാ വൈദ്യനാഥന്‍, എഴുത്തുകാരിയും അഭിനേത്രിയുമായ ജയലക്ഷ്മി ഈശ്വര്‍, സംഗീത സംവിധായകനും സിത്താറില്‍ ഇന്ദ്രജാലം തീര്‍ക്കുകയും ചെയ്യുന്ന റാസ് ബിഹാരി ദത്ത എന്നിവരാണ് തഞ്ചാവൂര്‍ കേന്ദ്രത്തിലെ രാജേഷ് കുമാര്‍ സിന്‍ഹയോടൊപ്പം പരിപാടി കാണാന്‍ എത്തുന്നത്.

ആഗസ്റ്റ് 20നാണ് ലോക റെക്കോഡ് ലക്ഷ്യമിട്ട് മെഗാ ഒപ്പനയുടെ അവതരണം നടന്നത്. എട്ടാംതരം മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള 121 കുട്ടികളാണ് ഒപ്പന അവതരിപ്പിച്ചത്. 12, 24, 30, 42 എന്നിങ്ങനെ 108 പേര്‍ കളിക്കാരും ബാക്കി പാട്ടുകാരുമാണ്. ജുനൈദ് മെട്ടമ്മല്‍ ആണ് ഒപ്പന ചിട്ടപ്പെടുത്തിയത്.

ദല്‍ഹിയില്‍ അവതരിപ്പിക്കുന്ന ഒപ്പനയില്‍ 150 പേര്‍ പങ്കെടുക്കും. ആഗസ്റ്റില്‍ അവതരിപ്പിച്ച ഒപ്പനയുടെ വീഡിയോ സീഡി നിരീക്ഷകരുടെ സാക്ഷ്യപത്രത്തോടെ ലിംക ബുക് ഓഫ് റെക്കോഡ്സ് അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു. പരേഡിന് മുന്നോടിയായുള്ള റിഹേഴ്സലിനും മറ്റുമായി റിപ്പബ്ളിക് ദിനത്തിന്‍െറ ഒരാഴ്ച മുമ്പെങ്കിലും ദല്‍ഹിയില്‍ എത്തേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 

ഒപ്പന വേഷത്തിന്‍െറ വാടക ഒന്നര ലക്ഷം രൂപയാകുമെന്ന് പി.ടി.എ പ്രസിഡന്‍റ് പി.പി. കരുണാകരന്‍ പറഞ്ഞു. വേഷവും ആടയാഭരണങ്ങളും തഞ്ചാവൂര്‍ കേന്ദ്രം എത്തിക്കുമെന്നാണ് പ്രതീക്ഷ. താമസം, സുരക്ഷ, ദല്‍ഹിയിലേക്കുള്ള പോക്കുവരവ് ചെലവുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Oppana, Udinur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.