Latest News

മുഖ്യമന്ത്രിയോട് കാര്യങ്ങളെല്ലാം പറഞ്ഞുവെന്ന് ശ്വേതാമേനോന്‍

തിരുവനന്തപുരം: പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനചടങ്ങിനിടെയുണ്ടായ സംഭവങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പറഞ്ഞിട്ടുണ്ടെന്ന് നടി ശ്വേതാമേനോന്‍ പറഞ്ഞു. നേരത്തെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയോടും പറഞ്ഞത്. മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്ന് നേരത്തെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ടത്. നടന്ന സംഭവങ്ങളെല്ലാം വിശദമായി അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. 

പ്രസ്‌ക്ലബ് വനിതാ ജേര്‍ണലിസ്റ്റ്‌സ് ഫോറം ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശ്വേത.
ചടങ്ങിനിടെ താന്‍ അപമാനിക്കപ്പെട്ടു എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. പരാതി പിന്‍വലിക്കാനുണ്ടായ കാരണം മാധ്യമങ്ങളിലൂടെ പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞതുകൊണ്ടാണ്. എം.പി. ഫോണില്‍ വിളിച്ച് മാപ്പപേക്ഷിച്ചിരുന്നു. മാധ്യമങ്ങളിലൂടെ മാപ്പ് പറയുന്നത് തന്റെ അച്ഛന്‍ കേട്ടു. മാപ്പ് പറഞ്ഞുവെന്ന് അച്ഛന്‍ പറഞ്ഞതനുസരിച്ചാണ് പരാതി പിന്‍വലിച്ചത്. 

സ്പര്‍ശനത്തിലോ ദര്‍ശനത്തിലോ തെറ്റുണ്ടെങ്കില്‍ പൊറുക്കണമെന്ന് പരസ്യമായി പറഞ്ഞതിനാലാണ് മാപ്പ് കൊടുത്തത്. വിഷയത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ല.
സിനിമയിലെ കഥാപാത്രങ്ങളെ പോലെ കരുത്ത് ജീവിതത്തിലുണ്ടോയെന്ന ചോദ്യത്തിന് തന്റെ കഥാപാത്രങ്ങളില്‍ കാണുന്ന ആളല്ല താന്‍ എന്നായിരുന്നു ശ്വേതയുടെ മറുപടി. ശ്വേതയ്‌ക്കെതിരെ പറഞ്ഞ കൊല്ലം ഡി.സി.സി. പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണമുണ്ടായല്ലോ എന്ന് ചോദിച്ചപ്പോള്‍ താനാരെയും കല്ലെറിഞ്ഞിട്ടില്ല എന്നായിരുന്നു ശ്വേതയുടെ പ്രതികരണം. 

ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് ശ്വേത പറഞ്ഞു. എന്നാല്‍ ഇലയുടെയും മുള്ളിന്റെയും കഥയിലെ ഇലയാണ് താനെന്നും ശ്വേത പറഞ്ഞു. ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ തീംസോങ് ശ്വേതാമേനോന്‍ പ്രകാശനം ചെയ്തു. ജെ.പി.എല്ലിന്റെ മാന്‍ ഓഫ് ദി സീരീസിന് ശ്വേതയുടെ മകള്‍ സബൈനയുടെ പേരില്‍ ക്യാഷ് അവാര്‍ഡുണ്ടാകും. തീംസോങ്ങില്‍ ശ്വേതാമേനോനും അഭിനയിക്കുന്നുണ്ട്. രാജ്യത്തുതന്നെ ആദ്യമായാണ് ജേര്‍ണലിസ്റ്റുകളുടെ ക്രിക്കറ്റ് ലീഗ് നടക്കുന്നതെന്നും ആശംസകള്‍ നേരുന്നുവെന്നും ശ്വേത പറഞ്ഞു. ജയന്‍ പിഷാരടിയാണ് സംഗീത സംവിധായകന്‍.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ വിമന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു. റഷ്യന്‍ പത്രപ്രവര്‍ത്തക എക്കാറ്റെറീന പര്‍ഷീന വിമന്‍സ് ഫോറം ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു. ഇതോടനുബന്ധിച്ച് സ്റ്റുഡന്റ്‌സ് ക്ലബിലെ കുട്ടികളുമായി ശ്വേത നര്‍മ്മസല്ലാപം നടത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Swetha Menon, Ummanchandi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.