Latest News

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. പാര്‍ട്ടിയുടെ ആശയവും നയവും പദ്ധതികളും എതിരാളികളെയും കുറിച്ച് പറയാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും വര്‍ഗീയ വികാരം വ്രണപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ മറുപടിയില്‍ പറയുന്നു.

ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയാണ് താന്‍ പരാമര്‍ശിച്ചതെന്നും രാഹുല്‍ പറയുന്നു. സീല്‍ ചെയ്ത കവറിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയത്. എന്നാല്‍ ഐഎസ്‌ഐയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെക്കുറിച്ച് കത്തില്‍ രാഹുല്‍ പറഞ്ഞിട്ടില്ലെന്നാണ് സൂചന. 

രാഹുലിന്റെ മറുപടി കിട്ടിയതായി സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനവുമുണ്ടാകുമെന്ന് പറഞ്ഞു. എല്ലാ കക്ഷികളും ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ലെന്നും സമ്പത്ത് പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നതെങ്കിലും ഒരാഴ്ച കൂടി സമയം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു.

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുല്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. മുസാഫര്‍ നഗര്‍ കലാപത്തിന്റെ ഇരകളായ യുവാക്കളെ ഐഎസ്‌ഐ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുള്‍പ്പെടെയായിരുന്നു പരാമര്‍ശങ്ങള്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.