Latest News

പെരുവണ്ണാമൂഴി പെണ്‍വാണിഭം: വിദ്യാര്‍ഥിനികളുടെ വിലാപം ഉയര്‍ന്നത് ജാനകിക്കാട്ടില്‍..

കോഴിക്കോട്: പെരുവണ്ണാമൂഴിക്കടുത്ത പന്തിരിക്കരയിലെ സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട മുഖ്യപ്രതികള്‍ രക്ഷപ്പെടാനിടയായത് അന്വേഷണത്തിനിടയില്‍ പോലീസിന് സംഭവിച്ച വീഴ്ചയാണെന്ന് ആരോപണം.

പ്രതികള്‍ വിദേശത്തേയ്ക്ക് കടന്നുവെന്നാണ് ലഭ്യമായ വിവരം. ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യം സൃഷ്ടിക്കപ്പെട്ടത് അന്വേഷണ സംഘത്തിന് വന്ന വലിയ വീഴ്ചയെതുടര്‍ന്നാണെന്ന് നാട്ടുകാര് ആരോപിക്കുന്നു.

പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചത് കവുങ്ങുള്ള ചാലില്‍ സാജിദെന്ന യുവാവാണെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ പിതാവ് നാദാപുരം ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.

മരിച്ച വിദ്യാര്‍ഥിനിക്കു പുറമെ ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ഉള്‍പ്പടെയുള്ള ചില കുട്ടികളെ സാജിദിനൊപ്പം എടത്തുകര ഷാഫി, അരുണ്‍, സുജിത്ത്, അഖില്‍രാജ്, അശ്വിന്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി മരിച്ച കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളവരായതുകൊണ്ടാണ് അന്വേഷണത്തില്‍ താളപ്പിഴവുകള്‍ ഉണ്ടാകാന്‍ കാരണമായതെന്നും ആരോപണം ഉയരുന്നുണ്ട്.

പ്രതികളില്‍ സാജിദ്, ജുനൈസ്, ഷാഫി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ വിദേശത്തേയ്ക്ക് കടന്നതായാണ് ലഭ്യമായ വിവരം. ഇത് തിരിച്ചറിഞ്ഞ് നാട്ടുകാര്‍ ആഭ്യന്തര മന്ത്രിക്ക നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡിവൈഎസ്പിയെ മാറ്റി അന്വേഷണ ചുമതല റൂറല്‍ എസ്പി പി.എച്ച്. അഷ്‌റഫിനെ ഏല്‍പിച്ചത്. മരിച്ച പെണ്‍കുട്ടിയുടേയും ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടേയും വീടുകളിലെത്തി എസ്പി തെളിവെടുത്തിട്ടുണ്ട്.

എന്നാല്‍ എസ്പിയുടെ അന്വേഷണം കുറ്റമറ്റതായിരിക്കില്ലെന്ന് നാട്ടുകാര്‍ ഇപ്പോള്‍തന്നെ ആശങ്ക മുന്നോട്ട് വച്ചിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ആദ്യം തന്നെ എസ്പിയ്ക്കായിരുന്നു പരാതി നല്‍കിയിരുന്നത്. ഇത് ഡി.വൈ.എസ്.പി യ്ക്ക് കൈമാറിയതല്ലാതെ ഇതിന്റെ അന്വേഷണ പുരോഗതി പോലും എസ്പി അന്വേഷിച്ചിരുന്നില്ല. ഇതിനിടയില്‍ സംഭവം വിവാദമായതോടെ ഈ എസ്പിയെ തന്നെ അന്വേഷണ ചുമതല ഏല്‍പിച്ചത് ശരിയല്ലെന്നും പുറത്തു നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

അതേസമയം പെണ്‍വാണിഭ സംഘത്തിന് താവളമായി മാറിയ ഇക്കോടൂറിസം കേന്ദ്രമായ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് പ്രദേശത്ത് കര്‍ശന പരിശോധന നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം കേന്ദ്രമായതോടെ ജാനകിക്കാട് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവിടെ മദ്യം-മയക്കുമരുന്ന് സംഘങ്ങളും മറ്റ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും എത്തിയതോടെ ഈ പ്രദേശം നാട്ടുകാര്‍ക്ക് ഭീതിയുളവാക്കുന്ന സ്ഥലമായി മാറിയിട്ടുണ്ട്.

അതേസമയം സംഭവത്തെക്കുറിച്ച പുറത്തറിയാതിരിക്കാനും പ്രതികളെ രക്ഷിക്കുന്നതിനും വേണ്ടി പോലീസ് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് വിവരം മറച്ചുവയ്ക്കാനും ഒരു തരത്തിലുള്ള വിവരങ്ങളും പുറത്തുപോകാതിരിക്കാനുമുള്ള ശക്തമായ ഇടപെടലുകളാണ് അണിയറയില്‍ പോലീസ് നടത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സിഐ ഓഫീസിന് മുന്നില്‍ സിഐയുടേയും ഡിവൈഎസ്പിയുടേയും മുന്നില്‍ വച്ച് പെണ്‍വാണിഭ സംഘത്തിലെ ഒരു പ്രതി ഒരു മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചിരുന്നു.

ഈ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കതിരെ കേസെടുത്ത് പ്രതികാരം വീട്ടുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. പ്രശ്‌നത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുമെന്ന ഭീഷണിയും പോലീസ് മുഴക്കുന്നുണ്ട്.
അതിനിടയില്‍ പെണ്‍വാണിഭ സംഘത്തിന് ഭരണ മുന്നണയിലെ ഒരു പ്രമുഖ പാര്‍ട്ടിയുമായി ബന്ധമുള്ളതുകൊണ്ട് നേതാക്കളില്‍ നിന്നുള്ള കനത്ത സമ്മര്‍ദം കാരണം പോലീസിന് പ്രശ്‌നത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടാകുന്നുണ്ടെന്നും ആരോപണമുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Peruvannamuzhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.