Latest News

മണ്ഡലമഹോത്സവത്തിന് ശരണാരവത്തോടെ ശബരിമലയില്‍ തുടക്കം.


ശബരിമല: മണ്ഡലമഹോത്സവത്തിന് ശരണാരവത്തോടെ ശബരിമലയില്‍ തുടക്കം. ശരണംവിളി ഉയരവെ, തന്ത്രി കണ്ഠര് മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റി വെള്ളിയാഴ്ച വൈകീട്ട് 5.30ന് ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു.

സോപാനത്തെ മണിമുഴക്കി നടതുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ശ്രീകോവിലില്‍നിന്ന് പകര്‍ന്ന ദീപവുമായി മേല്‍ശാന്തിയും സംഘവും പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. പടിക്കുതാഴെ കാത്തുനിന്ന നിയുക്ത ശബരിമല മേല്‍ശാന്തി തൃക്കാരിയൂര്‍ പനങ്ങാറ്റുംപള്ളിയില്ലം നാരായണന്‍ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി എടപ്പാള്‍ പൊല്പാക്കര മഠത്തില്‍ മനോജ് എമ്പ്രാന്തിരി എന്നിവരാണ് ആദ്യം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിയത്. ഇവര്‍ അയ്യപ്പനെ തൊഴുതശേഷം, കാത്തുനിന്ന പതിനായിരക്കണക്കിന് അയ്യപ്പന്മാരെ പടികയറാന്‍ അനുവദിച്ചു. അതോടെ ധര്‍മ്മശാസ്താക്ഷേത്രം പൂര്‍ണമായും ശരണഘോഷത്തിലമര്‍ന്നു.

രാത്രി ഏഴുമണിയോടെ പുതിയ ശബരിമല മേല്‍ശാന്തിയായി നാരായണന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി മനോജ് എമ്പ്രാന്തിരിയെയും അവരോധിച്ചു. വെള്ളിയാഴ്ച മറ്റ് പൂജകളൊന്നുമുണ്ടായിരുന്നില്ല.

ശനിയാഴ്ച പുതിയ മേല്‍ശാന്തിയാണ് നട തുറക്കുക. നെയ്യഭിഷേകം അടക്കമുള്ള പതിവുപൂജകള്‍ ശനിയാഴ്ച തുടങ്ങും.

വെള്ളിയാഴ്ച സന്നിധാനത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍, അംഗം സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച സന്നിധാനത്തെത്തിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.