Latest News

ഉദുമ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്നും കോണ്‍. എ വിഭാഗം ഇറങ്ങിപ്പോയി

ഉദുമ: ഉദുമ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എ വിഭാഗം ഇറങ്ങിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് മണ്ഡലം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് എ വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോയത്.

നിലവില്‍ ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരനാണ് ബാങ്ക് പ്രസിഡന്റ്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ആറ് സീറ്റ് കോണ്‍ഗ്രസിനും അഞ്ച് സീറ്റ് ലീഗിനും നല്‍കാന്‍ നേരത്തെ യു.ഡി.എഫ്. ലൈസണ്‍ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ആറ് സീറ്റില്‍ മൂന്ന് സീറ്റ് എ വിഭാഗത്തിന് വേണമെന്നാണ് ആവശ്യം.

എന്നാല്‍ രണ്ട് സീറ്റ് മാത്രമേ എ വിഭാഗത്തിന് നല്‍കാന്‍ കഴിയുകയുള്ളുവെന്നാണ് ഐ ഗ്രൂപ്പ് അറിയിച്ചത്. ഇതേതുടര്‍ന്നാണ് സീറ്റ് വിഭജനം വഴിമുട്ടുകയും എ വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോവുകയും ചെയ്തത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് എ ഗ്രൂപ്പ് പ്രത്യേകം യോഗം ചേര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കാനും വ്യാഴാഴ്ച നാമനിര്‍ദേശപത്രിക സമര്‍പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് എ വിഭാഗം നേതാക്കള്‍ പറയുന്നു.

യോഗത്തില്‍ എ ഗ്രൂപ്പില്‍ നിന്നും വി.ആര്‍. വിദ്യാസാഗര്‍, കെ.വി. ചന്ദ്രന്‍, ഗിരീഷന്‍ നമ്പ്യാര്‍ എന്നിവരും ഐ വിഭാഗത്തില്‍ നിന്ന് വാസു മാങ്ങാട്, ഭാസ്‌ക്കരന്‍ നായര്‍, ഗീതാ കൃഷ്ണന്‍ എന്നിവരുമാണ് പങ്കെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വി.ആര്‍. വിദ്യാസാഗറിനെ മത്സരിപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. അതേസമയം വിദ്യാസാഗര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ സി.കെ. ശ്രീധരന്‍ തന്നെയായിരിക്കും ഐ വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന് ഐ വിഭാഗവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനൗപചാരിക ചര്‍ചകള്‍ തുടരുന്നുണ്ട്. എന്നാല്‍ മൂന്ന് സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.