Latest News

ഹയാന്‍ താണ്ഡവം:മരണം 10,000 കവിഞ്ഞു

മനില: ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച സംഹാര താണ്ഡവമാടിയ ഹയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാം. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ചുഴലിക്കാറ്റില്‍ 3.3 ലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 36 പ്രവിശ്യകളിലെ 43 ലക്ഷം ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു.

ഫിലിപ്പീന്‍സ് തീരത്ത് ദുരിതം വിതച്ച ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്‌നാം തീരത്തേക്ക് നീങ്ങുകയാണ്. ഇതേത്തുടര്‍ന്ന് വിയറ്റ്‌നാമില്‍ ആറുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെ 74 കിലോമീറ്റര്‍ വേഗത്തില്‍ ഹയാന്‍ വിയറ്റ്‌നാമിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൈനയും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ദ്വീപ് മേഖലയായ ഹൈനാനില്‍ 13,000 പേരെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2004-ലെ സുനാമിക്കുശേഷം ഫിലിപ്പീന്‍സ് നേരിട്ട ഏറ്റവും വലിയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. നൂറുകണക്കിന് മൃതദേഹങ്ങള്‍ വഴിയരികിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ലെയ്റ്റ് പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ മാത്രം പതിനായിരത്തോളംപേര്‍ കൊല്ലപ്പെട്ടതായി പോലീസ് സൂപ്രണ്ട് എല്‍മര്‍ സോറിയ പറഞ്ഞു.

ലെയ്റ്റിന്റെ തലസ്ഥാനമായ ടാക്ലോബാന്‍ നഗരത്തില്‍ അതിശക്തമായ കാറ്റിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരൊഴികെ ഭൂരിഭാഗവും മരണത്തിന് കീഴടങ്ങി. ഇവിടെ എണ്‍പതുശതമാനം വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം. കാറ്റിന്റെ ശക്തിയില്‍ ഉയര്‍ന്ന രാക്ഷസത്തിരമാലകള്‍ തീരപ്രദേശത്ത് കനത്ത നാശം വിതച്ചു. 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ വീശിയടിച്ചു. ദ്വീപ് മേഖലയായ സമര്‍ പ്രവിശ്യയില്‍ മാത്രം 2,000 പേരെ കാണാതായി. പസഫിക് സമുദ്രത്തില്‍ നിന്ന് ആഞ്ഞടിച്ച ഹയാന്‍ ആദ്യമായി കരതൊട്ടത് ഇവിടെയാണ്. ഫിലീപ്പിന്‍സിനെ രക്ഷാ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ സൈന്യത്തെ നിയോഗിക്കുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ പറഞ്ഞു. രാജ്യത്ത് അമേരിക്കയ്ക്ക് സൈനികത്താവളങ്ങളുണ്ട്.

തെക്കന്‍ ഫിലിപ്പീന്‍സിന്റെ ഒരു ഭാഗം മുഴുവന്‍ തകര്‍ത്തെറിഞ്ഞ ബോഫ ചുഴലിക്കാറ്റില്‍ ആയിരംപേരാണ് കൊല്ലപ്പെട്ടത്. നടുക്കുന്ന കാഴ്ചകളാണ് ഫിലിപ്പീന്‍സിലെങ്ങും. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ വെള്ളത്തിലൂടെ ഒഴുകുന്നു. ചുഴലിക്കാറ്റിനെ അതിജീവിച്ചവരാവട്ടെ കുടിവെള്ളംപോലും കിട്ടാതെ പരക്കംപായുകയാണ്. ദുരന്തബാധിതമേഖലകളില്‍ ഭക്ഷണം എത്തിക്കാന്‍ സര്‍ക്കാറിനായിട്ടില്ല. 40 ടണ്‍ ബിസ്‌കറ്റുകള്‍ ഉടന്‍ എത്തിക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്തം ഏറ്റവുമധികം ബാധിച്ച ലെയ്റ്റ് പ്രവിശ്യയില്‍ വ്യാപക കൊള്ള നടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റുകളും വന്‍ വ്യാപാര കേന്ദ്രങ്ങളും തകര്‍ത്ത് ആഹാരസാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ഉറ്റവരെ നഷ്ടപ്പെട്ട ദുഃഖവും വിശപ്പും ജനങ്ങളെ അക്രമാസക്തരാക്കിയിട്ടുണ്ട്. ടാക്ലോബാന്‍ നഗരത്തില്‍ അക്രമവും കൊള്ളയും തടയാന്‍ പോലീസിനെയും പട്ടാളത്തെയും വിന്യസിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manila, Philipines

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.