Latest News

ആരാധനാലയങ്ങളുടെ ഭാരവാഹിത്വം: സി.പി.എമ്മുകാര്‍ രാജിവച്ചുതുടങ്ങി

പാലക്കാട്: മതരഹിത കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി സി.പി.എം. പാലക്കാട് പ്ലീനം അംഗീകരിച്ച സംഘടനാരേഖ നടപ്പാക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി അംഗങ്ങള്‍ ആരാധനാലയ ഭാരവാഹി സ്ഥാനങ്ങള്‍ രാജിവച്ചുതുടങ്ങി.

ദേവസ്വം കമ്മിറ്റി അംഗങ്ങള്‍ അടുത്തദിവസം രാജിനല്‍കും. ഈ മാസം അവസാനത്തോടെ പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മദ്‌റസ കമ്മിറ്റിയംഗത്വം എന്നിവയെല്ലാം രാജിവച്ച് ഒഴിയണമെന്നാണ് പാര്‍ട്ടി നിര്‍ദേശം.

പാലക്കാട് പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ പാര്‍ട്ടി അംഗങ്ങളില്‍ 322 പേര്‍ ക്ഷേത്ര കമ്മിറ്റികളിലും 82 പേര്‍ പള്ളി, മദ്‌റസ കമ്മിറ്റികളിലും 172 പേര്‍ ചര്‍ച്ചുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവരില്‍ അധികപേരും ബ്രാഞ്ച് ഭാരവാഹികള്‍ മാത്രമാണ്. കൂടുതല്‍ ക്ഷേത്രഭാരവാഹികളും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ 122 ഓളം ക്ഷേത്ര ഭാരവാഹി സ്ഥാനങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ വഹിക്കുന്നതായി റിപോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. ഈ ഭാരവാഹികളില്‍ 18 പേരാണു കഴിഞ്ഞദിവസം രാജിനല്‍കിയത്. ബാക്കിയുള്ളവര്‍ അടുത്തദിവസം രാജിവയ്ക്കും.

പള്ളി, മദ്‌റസ കമ്മിറ്റി ഭാരവാഹിസ്ഥാനം വഹിക്കുന്നവരില്‍ അധികപേരും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ്. ചര്‍ച്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരുമാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ അംഗങ്ങളായ മൂന്നുപേരും രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മുന്‍ എം.എല്‍.എയും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ പി കെ കുമാരനും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗമായ കെ ഡി ബാഹുലേയനും പെരിന്തല്‍മണ്ണ സി.പി.എം. ഏരിയാ കമ്മിറ്റിയംഗം എ വേണുഗോപാലുമാണു ദേവസ്വംബോര്‍ഡിലുള്ളത്. ഇവര്‍ രാജിവയ്ക്കുന്ന സ്ഥാനം ഘടകകക്ഷികള്‍ക്ക് കൈമാറാനാണു നീക്കം. സി.പി.എം. അംഗങ്ങള്‍ രാജിവയ്ക്കുന്നതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ സംഘപരിവാരത്തിന്റെ കൈകളിലെത്താതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കും പാര്‍ട്ടി തുടക്കംകുറിച്ചിട്ടുണ്ട്. ഹിന്ദു വിശ്വാസികളെയും പണ്ഡിതന്‍മാരെയും ഉള്‍പ്പെടുത്തി ഈ ക്ഷേത്രങ്ങളില്‍ സംരക്ഷണസമിതി രൂപീകരിക്കും. അവയുടെ നിയന്ത്രണത്തിലായിരിക്കും ക്ഷേത്രഭരണം.

എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്. ഭാരവാഹികളായ 32 ഓളം പാര്‍ട്ടിയംഗങ്ങളും രാജിവയ്ക്കും. ആരാധനാലയങ്ങളുടെയും സമുദായ സംഘടനകളുടെയും ഭാരവാഹികള്‍ രാജിക്കത്തിന്റെ പകര്‍പ്പ് ഏരിയാ കമ്മിറ്റികള്‍ക്കു നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനം രാജിവയ്ക്കാത്ത പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാനും പ്ലീനം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 20 ഓളം പേരെ പുറത്താക്കേണ്ടിവരുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
(KPO Raimathulla Thejas)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.