Latest News

കള്ളനോട്ട്‌ കടത്തിയെന്നു സംശയിച്ച്‌ യുവതിയെയും കുട്ടികളെയും ട്രെയിനില്‍നിന്ന്‌ ഇറക്കി പരിശോധിച്ചു

പാലക്കാട്‌: പാകിസ്‌താനില്‍ അച്ചടിച്ച വ്യാജകറന്‍സി ട്രെയിന്‍ മാര്‍ഗം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ ഒരു കുടുംബത്തെ വഴിയിലിറക്കി. അവരുടെ ലഗേജുകളും അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ഇതിനകം ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടുപോയതിനാല്‍ പോലീസ്‌ ചെലവില്‍ ഈ കുടുംബത്തിന്‌ തുടര്‍യാത്രാ സൗകര്യം ഒരുക്കേണ്ടിയും വന്നു. ശനിയാഴ്ച ഉച്ചക്ക്‌ രണ്ട്‌ മണിയോടെ ഒലവക്കോട്‌ റെയില്‍വേ സ്‌റ്റേഷനിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌.

പാറ്റ്‌ന - ഏറണാകുളം എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുന്ന ഒരു സ്‌ത്രീയും പെണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നു മക്കള്‍ അടങ്ങുന്ന കുടുംബം പാകിസ്‌താനില്‍ അച്ചടിച്ച വ്യാജകറന്‍സി കടത്തുന്നതായാണ്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ രഹസ്യ സന്ദേശം ലഭിച്ചത്‌. ഇതേ തുടര്‍ന്ന്‌ പരിശോധനയ്‌ക്കായി പാലക്കാട്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലേക്ക്‌ തിരിച്ചെങ്കിലും അവര്‍ അവിടെ എത്തുംമുമ്പേ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതായി വിവരം ലഭിച്ചു.

തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി ജി. സോമശേഖരന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം ഒലവക്കോട്‌ സ്‌റ്റേഷനിലെത്തി സന്ദേശത്തില്‍ പറഞ്ഞിരുന്ന എസ്‌-14 കമ്പാര്‍ട്ട്‌മെന്റ്‌ വളഞ്ഞു. പരിശോധന നടത്തിയ സംഘം 46കാരിയായ മാതാവും രണ്ട്‌ ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തെ മുഴുവന്‍ ലഗേജുമായി പാലക്കാട്‌ ഇറക്കി. കോതമംഗലത്തേക്ക്‌ പോകേണ്ട ഇവര്‍ ഒലവക്കോട്‌ ഇറങ്ങേണ്ടിവന്നതും പോലീസ്‌ വളഞ്ഞതും മൂലം ആകെ പരിഭ്രാന്തരായി. സഹയാത്രികരും പോലീസ്‌ നടപടി കണ്ട്‌ ഞെട്ടി. 

പ്ലാറ്റ്‌ഫോമില്‍ ഇറക്കി വച്ച മുഴുവന്‍ ലഗേജുകള്‍ പോലീസ്‌ അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ഒരു മണിക്കൂറുകളോളം നടന്ന പരിശോധനയ്‌ക്കൊടുവില്‍ വ്യാജ സന്ദേശം സൃഷ്‌ടിച്ച അബദ്ധത്തിന്‌ ക്ഷമാപണം നടത്തി പോലീസ്‌ കുടുംബത്തിന്റെ തുടര്‍യാത്രക്ക്‌ വാഹനവും ഏര്‍പ്പാടാക്കി. 

കഴിഞ്ഞ 15 വര്‍ഷമായി പട്‌നയില്‍ താമസിച്ചിരുന്ന ഇവര്‍ നാട്ടിലേക്ക്‌ താമസം മാറ്റുന്നതിനാല്‍ നിരവധി ലഗേജുകളും ഒപ്പം കരുതിയിരുന്നു. ഇവരോട്‌ വ്യക്‌തി വൈര്യാഗമുള്ളവരാണ്‌ സന്ദേശത്തിന്‌ പിന്നിലെന്നാണ്‌ പോലീസ്‌ നിഗമനം. ഇവരുടെ തന്നെ മറ്റൊരു ട്രെയിനിലിരുന്ന ഇരുമ്പുപെട്ടിയും അലമാരയും അടങ്ങുന്ന ലഗേജുകള്‍ ആലുവ സ്‌റ്റേഷനില്‍ പരിശോധിക്കാനും റെയില്‍വേ പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ജില്ലാ പോലീസ്‌ മേധാവിക്ക്‌ പുറമെ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി സുനില്‍, സൗത്ത്‌ എസ്‌.ഐ എം.സുജിത്ത്‌, നോര്‍ത്ത്‌ അഡീഷണല്‍ എസ്‌.ഐ രവീന്ദ്രന്‍, ആര്‍.പി.എഫ്‌ സി.ഐ കെ. വിജയകുമാര്‍, റെയില്‍വേ പോലീസ്‌ സേനാംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.