Latest News

രണ്ടിലേറെ കാറുകളും കൊട്ടാര സദൃശ്യമായ വീടുള്ളവരും ബി.പി.എല്‍; കരട് പട്ടികയില്‍ വ്യാപക പരാതി


കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള്ളത് അനര്‍ഹര്‍. രണ്ട് കാറും കൊട്ടാരസമാനമായ വീടും ഉള്ളവര്‍ ബി.പി.എല്‍ ലിസ്റ്റില്‍. ഇടിഞ്ഞ് വീഴാറായ വീട്ടില്‍ തൊഴിലൊന്നുമില്ലാതെ കഷ്ടപ്പെടുന്ന അര്‍ധപട്ടിണിക്കാര്‍ എ.പി.എല്‍ പട്ടികയില്‍. ആക്ഷേപമുള്ളവര്‍ക്ക് 30 വരെ പരാതികള്‍ നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ അനര്‍ഹരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ആരു ശ്രമിക്കും എന്നുള്ളതാണ് വിഷയം.

ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കുറഞ്ഞ വീടുള്ള, ഒരേക്കറില്‍ താഴെ മാത്രം ഭൂമിയുള്ള, സര്‍ക്കാര്‍ ജോലിയില്ലാത്തവരാണ് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടത്. നാലു ചക്ര വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍, സര്‍ക്കാര്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍, ആദായ നികുതി ദായകര്‍ എന്നിവരും എ.പി.എല്‍ ലിസ്റ്റിലാണ് ഉള്‍പ്പെടേണ്ടത്. കാറുള്ളവര്‍ മാത്രമല്ല ഏക്കറു കണക്കിന് ഭൂമിയുള്ളവര്‍ ഇപ്പോള്‍ ബി.പി.എല്‍ പട്ടികയില്‍ ഉണ്ടത്രെ. റേഷന്‍ കാര്‍ഡിനുള്ള സത്യവാങ്മൂലത്തില്‍ സമ്പന്നരായ പലരും തെറ്റായ വിവരങ്ങള്‍ നല്‍കിയതാവാം ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കാരണമെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരെ ഒഴിവാക്കാന്‍ ആരെങ്കിലും പരാതി കൊടുത്തേ മതിയാകു. എന്നാല്‍ അയല്‍ക്കാരനെതിരെ പരാതി കൊടുത്ത് വിദ്വേഷം വാങ്ങാന്‍ പലരും തയ്യാറല്ല.

രാഷ്ട്രീയ നേതൃത്വവും ഇതിന് മുന്നിട്ടിറങ്ങാന്‍ സാധ്യത കുറവാണ്. അതിനാല്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ വന്‍ ആസ്തിയുള്ള പലരുമായിരിക്കും കയറിക്കൂടുക. വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും ഇവര്‍ക്ക് ലഭ്യമാവുകയും ചെയ്യും.

ബി.പി.എല്‍ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് പരാതി നല്‍കാനായി താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും ഇത്തരം സൗകര്യം ലഭ്യമാകുന്നതാണ്.
റേഷന്‍ കാര്‍ഡുകള്‍ ഫെബ്രുവരി 1 മുതല്‍ വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞത്. ഭക്ഷ്യ ഭദ്രതാ നിയമം നവംബര്‍ 1 മുതല്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.