ദുബൈ: ഓരോ കിലോ സ്വര്‍ണവുമായി ഇന്ത്യയിലേക്ക് യാത്രക്കാരുടെ വന്‍ തിരക്ക്. നാട്ടിലേക്ക് മടക്ക ടിക്കറ്റും കമ്മീഷനും നല്‍കി, നൂറുകണക്കിനാളുകളെയാണ് ദിവസവും ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് അയക്കുന്നത്. കേരളത്തിലേക്കും വന്‍തോതില്‍ സ്വര്‍ണം എത്തുന്നു.
നികുതി അടച്ചാണ് ഇവ എത്തുന്നതെങ്കിലും 'കാരിയര്‍മാര്‍' ആശങ്കയിലാണ്. ഭാവിയില്‍ ആദായ നുകുതി വകുപ്പ് വന്‍ വരുമാന നികുതി ചുമത്തുമോ എന്നതാണ് ഭയം.എന്നാലും യു എ ഇയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി ചുരുങ്ങിയത് ദിനേന നൂറ് കിലോ സ്വര്‍ണം കൊണ്ടുപോകുന്നുണ്ട്.
ഏജന്റുമാര്‍ മുഖേന കാരിയര്‍മാരെ കണ്ടെത്തി, ഓരോ കിലോ സ്വര്‍ണവും നികുതിയടക്കാനുള്ള പണവും കമ്മീഷനും നല്‍കിയാണ് ഇന്ത്യയില്‍ എത്തിക്കുന്നത്.കാരിയര്‍ക്ക് മടക്ക ടിക്കറ്റിനു പുറമെ 25000 രൂപ മുതല്‍ 60000 രൂപ വരെ നല്‍കും. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ ദിവസത്തേക്ക് ഇന്ത്യയില്‍ പോയി വരുന്നവര്‍ വര്‍ധിച്ചു വരുകയാണ്.
അതേസമയം അടുത്തകാലത്തായി നികുതിയടച്ച് കൊണ്ടുപോകുന്ന സ്വര്‍ണത്തിന് കേരളത്തില്‍ നിയമക്കുരുക്കുകള്‍ കാത്തിരിക്കുന്നുവെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തില്‍ കാരിയറുടെ മേല്‍വിലാസം രേഖപ്പെടുത്തുന്നുണ്ട്. അതിനനുസരിച്ചാണ് അന്വേഷണം ഉണ്ടാവുക. ടിക്കറ്റിനു പുറമെ 75,000 രൂപ വരെയാണ് കാരയിര്‍മാര്‍ക്കുള്ള ഓഫര്‍. നികുതിയടക്കാനുള്ള ഡോളറും ഇവര്‍ക്കു നല്‍കുന്നു.
മാത്രമല്ല കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കേണ്ട വ്യക്തമായ നിര്‍ദേശങ്ങളും യാത്രക്കാരന് ഏജന്റുമാര്‍ നല്‍കുന്നുണ്ട്. ഓരോ ദിവസവും കോടിക്കണക്കിന് രൂപയാണ് നികുതി ഇനത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുകയും നോട്ടീസ് അയക്കുകയും ചെയ്യുന്നത്.
തീവ്രവാദ ബന്ധവും ഹവാല ഇടപാടുകളും വ്യാപകമാകുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് മുതിരരുതെന്നും പിന്നീട് വലിയ അന്വേഷണങ്ങള്‍ക്കും വലിയ ബാധ്യതകള്‍ക്കും മാനഹാനിക്കും ഇടവരുത്തുമെന്നും ദുബൈയിലെ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, ഷാര്‍ജ എയര്‍പോര്‍ട്ട് വഴി ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുപോകുന്നവരോട് ഇവിടുത്തെ ഇന്‍വോയ്‌സും മറ്റും ചോദിക്കുന്നുണ്ട്. ഷാര്‍ജ വിമാനത്താവളത്തിലും കേരളത്തിലെ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഏജന്റുമാര്‍ ദുബൈ-മുംബൈ, ദുബൈ-മംഗലാപുരം വഴിയാണ് സ്വര്‍ണം എത്തിക്കുന്നത്..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.
No comments:
Post a Comment