കാസര്‍കോട്: ക്രിസ്മസ് -പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ അനധികൃത മദ്യം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാതല ജനകീയസമിതി യോഗം തീരുമാനിച്ചു. 2014 ജനുവരി ഒന്നു വരെ നടക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമയി എക്‌സൈസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതി കണ്‍ട്രോള്‍ റൂമില്‍ സ്വീകരിക്കുന്നതും അപ്പോള്‍തന്നെ നടപടിയെടുക്കുന്നതുമാണ്. കണ്‍ട്രോള്‍ റൂം ടെലിഫോണ്‍ നമ്പര്‍ 04994257060.
കാസര്‍കോട്, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ താലൂക്ക്തല സ്‌ട്രൈക്കിംഗ് പാര്‍ട്ടികളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനുപറമേ കാസര്‍കോട് അസി.എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് പാര്‍ട്ടി വൈകുന്നേരം 6 മണി മുതല്‍ രാവിലെ 8 മണി വരെ കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളിലും ഊടുവഴികളിലും പ്രത്യേക നിരീക്ഷണം നടത്തി വരുന്നുണ്ട്.
വ്യാജമദ്യത്തിന് കുപ്രസിദ്ധി കേട്ട പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ കോളനികളിലും റെയിഡുകള്‍ ശക്തമാക്കി. കാസര്‍കോട്, നെല്ലിക്കുന്ന്, നുള്ളിപ്പാടി, കുഡ്‌ലു, മായിപ്പാടി, നീര്‍ച്ചാല്‍, കീഴൂര്‍, സീതാംഗോളി, ഹേരൂര്‍, മൂലക്കണ്ടം കോളനി എന്നീ പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ കാലയളവില്‍ എല്ലാ ദിവസവും റെയിഡുകള്‍ നടത്തും. നെല്ലിക്കുന്ന് ഭാഗത്തും കുമ്പള, ഹേരൂര്‍ ഭാഗത്തും റെയിഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അനധികൃത മദ്യവില്‍പന തടയുന്നതിനായി പോലീസ്,എക്‌സൈസ്, റവന്യൂ, വനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വനപ്രദേശങ്ങളിലും വ്യാജമദ്യ കേന്ദ്രങ്ങളിലും റെയിഡുകള്‍ നടത്തും.
ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി അതിര്‍ത്തി കടന്നുവരുന്ന വാഹന പരിശോധന കര്‍ശനമാക്കി. പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ ജനകീയ കമ്മിറ്റികളും സ്‌കൂള്‍തലത്തില്‍ ലഹരി വിരുദ്ധ ക്‌ളബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നു. ഇവയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഷാപ്പുകള്‍ നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കാനും ലൈസന്‍സുള്ളതും അല്ലാത്തതുമായ ആയുര്‍വ്വേദ മരുന്നു ഷോപ്പുകളില്‍ കൂടിയുള്ള വ്യാജ അരിഷ്ടത്തിന്റെ വില്‍പ്പന തടയുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലുള്ള മദ്യപാനവും വില്‍പനയും ഒഴിവാക്കുന്നതിനായി കര്‍ശന നടപടികളെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബിവറേജ് പരിസരങ്ങളിലെ മദ്യപാനം തടയും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, , കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലന്‍ മാസ്റ്റര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പിരിക്ക, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജനകീയ സമിതിയിലെ മറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസി.എക്‌സൈസ് കമ്മിഷണര്‍ വി.കെ.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment