Latest News

സി.എം അബ്‌ദുല്ല മൗലവി സമന്വയത്തിലൂടെ വിദ്യാഭ്യാസ നവോത്ഥാനം സാധ്യമാക്കിയ പരിഷ്‌ക്കര്‍ത്താവ്‌


കാസര്‍കോട്: കേരള മുസ്ലിം വിദ്യാഭ്യാസപരിസരത്തില്‍ സമന്വയ വിദ്യാഭ്യാസം എന്ന പുതിയൊരു ആശയത്തിന് ഊടും പാവും നല്‍കിയ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു ഖാസി സി.എം അബ്ദുല്ല മൗലവിയെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ലോക മുസ്ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു.

കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കപ്പെടുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചര്‍ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ പള്ളിദര്‍സ് സംവിധാനത്തില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച് കേരള മുസ്ലിം വിദ്യാഭ്യാസ ചിന്തയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റടിക്കുന്നത് 1980 കളുടെ തുടക്കത്തിലാണ്. 1971 മുതല്‍ തന്നെ സി.എം അബ്ദുല്ല മൗലവി സമന്വയ വിദ്യാഭ്യാസരീതിയെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ പ്രായോഗിക രീതികള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. കേരളമാകെ വളര്‍ന്നുപ്പന്തലിച്ചു നില്‍ക്കുന്ന സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന്റെ വിധാതാക്കളില്‍ നേതൃപരമായ പങ്ക് വഹിച്ച വിദ്യാഭ്യാസ പരിഷ്‌ക്കര്‍ത്താവുമായിരുന്നെന്ന് ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ സി.എം അബ്ദുല്ല മൗലവി എഴുതിയ ഗോളശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം 'സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര പഠനങ്ങള്‍' എന്ന കൃതി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി കെ.കെ അബ്ദുല്ല ഹാജി ഖത്തറിന് നല്‍കി പ്രകാശനം ചെയ്തു.

പരിപാടി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ മിത്തബയല്‍ ഉദ്ഘാടനം ചെയ്തു. യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു. പ്രഥമ സ്മാരക പ്രഭാഷണ സെഷനില്‍ ' സി.എം ചിന്തകളുടെ കാലവും പ്രസക്തിയും ' എന്ന ശീര്‍ഷകത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും ' സമന്വയ വിദ്യാഭ്യാസം സി.എമ്മിന്റെ അടയാളപ്പെടുത്തലുകള്‍ ' എന്ന ശീര്‍ഷകത്തില്‍ സത്യധാര ദൈ്വമാസിക എഡിറ്റര്‍ സ്വാദിഖ് ഫൈസി താനൂരും പേപ്പറുകള്‍ അവതരിപ്പിച്ചു. 

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹ്മദലി, റഹ്മാന്‍ തായലങ്ങാടി, സയ്യിദ് എം.എസ് മദനി തങ്ങള്‍ പൊവ്വല്‍, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, ശെരീഫ് ഫൈസി കടബ, അബ്ദുല്ല അര്‍ശദി കെ.സി റോഡ്, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, യഹ്‌യ തളങ്കര, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.ഡി അഹ്മദ് ഹാജി, ശാഫി ചെമ്പരിക്ക, പാക്യാര മുഹമ്മദ് കൂഞ്ഞി ഹാജി, ജലീല്‍ കടവത്ത്, നെക്കര അബൂബക്കര്‍ ഹാജി, കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി, ചെറുകോട് അബ്ദുല്ല കുഞ്ഞി, യൂനുസ് അലി ഹുദവി എന്നിവര്‍ സംബന്ധിച്ചു.രണ്ടാം സെഷന്‍ ഉച്ചക്ക ് ശേഷം നടക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.