Latest News

സ്വന്തം ഭൂമിയില്ലെങ്കിലും ശ്രീധരന് കൃഷി തന്നെ തപസ്യ


കാസര്‍കോട് : സ്വന്തമായി കൃഷിഭൂമി ഇല്ലെങ്കിലും ശ്രീധരന് കാര്‍ഷികവൃത്തി ഒരു തപസ്യയാണ്. പെരുമ്പളയില്‍ പുരയിടം മാത്രമുളള ശ്രീധരന്‍ ഇരുപതാം വയസ്സുമുതലാണ് കൃഷിയില്‍ ആകൃഷ്ടനായത്. കൃഷിയിറക്കാന്‍ സ്വന്തമായി ഭൂമിയില്ലാതിരുന്ന ശ്രീധരന്‍ പരിചയക്കാരെ കണ്ടെത്തി തരിശ്ശ് ഭൂമിയില്‍ കൃഷി ഇറക്കി നൂറ് മേനി കൊയ്യാന്‍ തുടങ്ങി. കാല്‍നൂറ്റാണ്ടായി ഈ വിജയഗാഥ തുടരുന്നു. സമീപത്തെ പഞ്ചായത്തുകളിലെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്താണ് ശ്രീധരന്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ശ്രീധരന് ഇപ്പോള്‍ കൃഷി ലാഭകരമായ ഒരു സംരംഭം കൂടിയാണ്.

പെരുമ്പളയിലെ പളളത്തോട് ഹൗസില്‍ ടി ശ്രീധരന്‍ 24 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി പാട്ടകൃഷി ആരംഭിക്കുന്നത്. സ്വന്തം പഞ്ചായത്തില്‍ തന്നെ ഭൂമി പാട്ടത്തിനെടുത്തു കൊണ്ടായിരുന്നു കന്നി സംരംഭം ആരംഭിച്ചത്. തുടര്‍ന്നുളള വര്‍ഷങ്ങള്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ പാട്ടഭൂമിക്ക് ദൗര്‍ലഭ്യം നേരിട്ടതോടെ സമീപ പഞ്ചായത്തുകളായ ബദിയഡുക്ക, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ എന്നിവിടങ്ങളിലേക്ക് ചേക്കേറി. ഇപ്പോള്‍ എല്ലാ വര്‍ഷവും 10 ഏക്കറില്‍ കൂടുതല്‍ ഭൂമിയിലാണ് കൃഷിയിറക്കുന്നത്.

പാട്ടഭൂമിയില്‍ വര്‍ഷത്തില്‍ മൂന്നു തവണകളായിട്ടാണ് കൃഷിയിറക്കുന്നത്. ഒരു ഏക്കര്‍ ഭൂമിക്ക് 1000-1500 രൂപ നിരക്കിലാണ് പാട്ടത്തിനെടുക്കുന്നത്. കൃഷിയോടുളള സ്‌നേഹം കണ്ട് ചിലര്‍ സൗജന്യമായും പാട്ടഭൂമി നല്‍കുന്നു. കുമ്പളം, കക്കിരി, പാവയ്ക്ക, മത്തന്‍, വെളളരി, വെളളചിരങ്ങ, തണ്ണിമത്തന്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇക്കഴിഞ്ഞ മഴക്കാലത്ത് മധൂര്‍, ബദിയഡുക്ക പഞ്ചായത്തുകളിലായി പന്ത്രണ്ടര ഏക്കര്‍ പാട്ടഭൂമിയിലാണ് കൃഷിയിറക്കിയത്. 350 ക്വിന്റല്‍ കക്കിരി, 150 ക്വിന്റല്‍ മത്തന്‍, 150 ക്വിന്റല്‍ വെളളച്ചിരങ്ങ, 40 ക്വിന്റല്‍ നരമ്പന്‍ എന്നിങ്ങനെ നല്ല വിളവും ലഭിച്ചു. മംഗലാപുരം, പെര്‍ള, ബദിയഡുക്ക, കുമ്പള, ഉപ്പള, പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ചന്തയിലേക്കാണ് പച്ചക്കറിയിനങ്ങള്‍ കയറ്റി അയക്കുന്നത്.

നിലവില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി, മധൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലായി അഞ്ച് ഏക്കര്‍ പാട്ടഭൂമിയിലാണ് കൃഷി ചെയ്യുന്നത്. പൂര്‍ണ്ണമായും ജൈവവളത്തെ ആശ്രയിച്ചാണ് കൃഷി. വിവിധ പഞ്ചായത്തുകളിലെ കൃഷിഭവനുകള്‍, കാസര്‍കോട് മുനിസിപ്പാലിറ്റി കൃഷിഭവന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായവും നിര്‍ലോഭമായ പിന്‍തുണയുമാണ് ശ്രീധരന്റെ കാര്‍ഷിക ജീവിതത്തിന് കരുത്തേകുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.