Latest News

19-ാമത് സംസ്ഥാന വിദ്യാരംഗം സാഹിത്യോത്സവവും സാഹിത്യ ശില്പശാലയും തളങ്കരയില്‍

കാസര്‍കോട്: 19-ാമത് സംസ്ഥാന വിദ്യാരംഗം സാഹിത്യോത്സവവും സാഹിത്യ ശില്പശാലയും 2013 ഡിസംബര്‍ 21, 22, 23 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യമായി തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുകയാണ്.

കാലം ഭാഷയുടെ ഏഴ് തിരിയിട്ട് നമിച്ച മണ്ണിലാണ് ഈ വര്‍ഷം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സംസ്ഥാന സാഹിത്യോത്സവവും ശില്പ ശാലയും നടക്കുന്നത്. അക്ഷര കൈരളി പി. കുഞ്ഞിരാമന്‍ നായരെയും ഉബൈദിനെയും ഗോവിന്ദപൈയെയും കുട്ടമത്തിനെയും ടി.എസ് തിരുമുമ്പിനെയും അനുഗ്രഹിച്ച മണ്ണ്. മാലിക് ദീനാര്‍ പള്ളിയും മധൂര്‍ മദനന്തേശ്വര ക്ഷേത്രവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബേളപ്പള്ളിയും ആത്മീയ പാതയില്‍ കാവല്‍ വെളിച്ചങ്ങളായി പുലര്‍ന്ന മണ്ണ്.... ടിപ്പു സുല്‍ത്താനും ഈസ്റ്റിന്ത്യാ കമ്പനിയും മോഹിച്ച ഗ്രാമ്യതയെയും പൗരാണിക നാഗരികത യെയും ഒരു പോലെ നെഞ്ചേറ്റിയ മണ്ണ്....
ഈ സാംസ്‌കാരിക സ്ഥലിയിലാണ് വിദ്യാരംഗം കലാസാഹിത്യ വേദി, എസ്.എസ്.എയുടെ സഹകരണത്തോടെ സാഹിത്യോത്സവം ഒരുക്കുന്നത്. 

കാസറഗോഡ് തളങ്കര ജി.എം.വി.എച്ച്.എസ്. സ്‌കൂളില്‍ 2013 ഡിസംബര്‍ 21, 22, 23 തീയ്യതികളില്‍ നടക്കുന്ന ഈ ഒത്തുചേരലില്‍ 14 ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറില്‍പരം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും എഴുത്തുകാരും സംഗമിക്കുന്നു.
ഒന്നാംദിവസം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാഹിത്യ ശില്പശാലയില്‍ 'ബാലകൃഷ്ണന്‍ മാങ്ങാട് ഓര്‍മപ്പുര' എന്ന കഥാക്യാമ്പ് ഡോ അംബികാസുതന്‍ മാങ്ങാട്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, പി. സുരേന്ദ്രന്‍, പി.വി. ഷാജികുമാര്‍, ടി.പി വേണുഗോപാലന്‍, രമേശന്‍ ബ്ലാത്തൂര്‍, സജീദ്ഖാന്‍ പനവേലില്‍ തുടങ്ങിയവര്‍ നയിക്കും.
'പി. കുഞ്ഞിരാമന്‍ നായര്‍ ഓര്‍മപ്പുര' എന്ന കവിതാ ക്യാമ്പ് കല്‍പ്പറ്റ നാരായണന്‍, എസ്. ജോസഫ്, വീരാന്‍ കുട്ടി, മാധവന്‍ പുറച്ചേരി, ദിവാകരന്‍ വിഷ്ണുമംഗലം തുടങ്ങിയവര്‍ നയിക്കും. 'ഗോവിന്ദപൈ ഓര്‍മപ്പുര'യില്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഇ.പി രാജഗോപാലന്‍, ഡോ. ഇ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉപന്യാസ ക്യാമ്പിന് നേതൃത്വം നല്‍കും.
'കെ.എം. അഹ്മദ് ഓര്‍മ്മപ്പുര' ചിത്ര ക്യാമ്പില്‍ പി.എസ് പുണിഞ്ചിത്തായ, എം.ബി സുകുമാരന്‍, ദാമോദരന്‍ നമ്പിടി, സചീന്ദ്രന്‍ കാറഡുക്ക എന്നിവരും പ്രധാന വേദിയായ 'ടി ഉബൈദ് ഓര്‍മപ്പുര'യിലെ നാടന്‍പാട്ട് ക്യാമ്പ് മാത്യൂസ് വയനാടും സംഘവും, ഡോ. സോമന്‍ കടലൂര്‍, ഉദയന്‍ കുണ്ടംകുഴി എന്നിവരും നയിക്കും. തുടര്‍ന്ന് രചനാമത്സരങ്ങളായ കഥാരചന, കവിതാ രചന, ഉപന്യാസരചന, ചിത്രരചന, പുസ്തകാസ്വാദന കുറിപ്പ് എന്നിവ നടക്കും.
വൈകുന്നേരം 5 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി.ഇ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.