Latest News

പുതുവര്‍ഷ രാത്രി കൊച്ചികടപ്പുറത്ത് കത്തിക്കുന്നത് ബിനാലെ പപ്പാഞ്ഞിയെ

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഇക്കുറി ഡിസംബര്‍ 31 ന് രാത്രി ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കത്തിക്കുന്നത് ബിനാലെ കലാകാരന്മാര്‍ ഒരുക്കിയ പപ്പാഞ്ഞിയെ ആയിരിക്കും. പപ്പാഞ്ഞി എന്നത് കൊച്ചിക്കാരുടെ സങ്കല്‍പമാണ്. ജനിച്ചു വളര്‍ന്ന് കാലം കൊണ്ട് വൃദ്ധനായി ഡിസംബര്‍ 31 ന് ഒരു വര്‍ഷം അവസാനിക്കുന്നതിന്റെ പ്രതീകമാണ് പപ്പാഞ്ഞി.

വര്‍ഷങ്ങളായി ആയിരക്കണക്കിന് ഫോര്‍ട്ടു കൊച്ചിക്കാരും മട്ടാഞ്ചേരിക്കാരും ഡിസംബര്‍ 31 ന് രാത്രി ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷികളാവാന്‍ ഒരുമിച്ചു ചേരുന്നു. കൊച്ചിയില്‍ മാത്രമാണ് വര്‍ഷാവസാനത്തില്‍ പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷമുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആഘോഷത്തിന്. ആദ്യ കാലങ്ങളില്‍ പപ്പാഞ്ഞിയെ ഉണ്ടാക്കി ഫോര്‍ട്ട് കൊച്ചിയിലെ ജംഗ്ഷനുകളില്‍ സ്ഥാപിച്ചു കത്തിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.

1984ല്‍ കൊച്ചിന്‍ കാര്‍ണിവല്‍ ആരംഭിച്ചപ്പോള്‍ ആഘോഷത്തിന്റെ കേന്ദ്രമായി കടല്‍ക്കരയിലെ പപ്പാഞ്ഞി കത്തിക്കല്‍. അന്ന് 20 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണ് ഒരുക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പപ്പാഞ്ഞിക്ക് മാറ്റം വന്നു. 45 അടി ഉയരമുള്ള പപ്പാഞ്ഞിയെ വരെ കാര്‍ണിവലില്‍ ഒരുക്കിയിട്ടുണ്ട്.

പപ്പാഞ്ഞിയെ ഒരുക്കല്‍ ദിവസങ്ങള്‍ നീളുന്ന പണിയാണ്. ഇത്തവണ കാര്‍ണിവല്‍ സംഘാടകരുടെ സഹകരണത്തോടെ പപ്പാഞ്ഞിയെ ഒരുക്കുവാന്‍ കൊച്ചി മുസിരിസ് ബിനാലെയുടെ സംഘാടകരായ കൊച്ചി ബിനാലെ ഫൌണ്ടേഷന്‍ രംഗത്തെത്തി. ഒരു സംഘം കലാകാരന്‍മാരെ പപ്പാഞ്ഞിയെ ഒരുക്കുന്നതിന് ബിനാലെ ഫൌണ്ടേഷന്‍ നിയോഗിച്ചു. ഈ സംരംഭത്തോട് കൊച്ചിന്‍ കോര്‍പ്പറേഷനും സഹകരിച്ചു.

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജസീന്‍ദര്‍ റോക്ക്‌ഫെല്ലെര്‍, കെ വി മാത്യൂസ്, അമല്‍ ജ്യോതി, മോന മോഹന്‍, ചിത്ര ഇ ജി, രാകേഷ് ശശി, കിരണ്‍ ജേക്കബ്ബ്, ജയ പി എസ്, ഷെര്‍ലിന്‍കര്‍, അരുണ്‍ പൌലോ എന്നീ കലാകാരന്മാരുടെ കൂട്ടായ്മയാണ് പപ്പാഞ്ഞിയെ ഒരുക്കുന്നത്.

പപ്പാഞ്ഞി എന്ന കൊച്ചിക്കാരുടെ സങ്കല്‍പത്തെ ക്രിസ്മസ് പുതുവത്സര സാന്ത ക്ലോസായി തെറ്റിദ്ധരിക്കപെടാറുണ്ട്. ജാതി മതഭേതമന്യേ കൊച്ചിക്കാരുടെ കാലസങ്കല്പത്തെയാണ് പപ്പാഞ്ഞി പ്രതിനിധീകരിക്കുന്നത് ഒരു കൊല്ലത്തിനു കൊച്ചിക്കാര്‍ വിട പറയുന്നത് പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ്. പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുകയും ചെയ്യുന്നു.

‘ഛോട്ടാ മുംബൈ’ പോലുള്ള സിനിമകളില്‍ കൊച്ചിക്കാരുടെ പപ്പാഞ്ഞിയെ കാണിക്കുന്നുണ്ട്. ‘പപ്പാഞ്ഞി കൊച്ചിക്കാരുടേത് മാത്രമായ സങ്കല്‍പ്പമാണ്, കൊളോണിയല്‍കാല സംസ്‌കാരവും കൊച്ചി സംസ്‌കാരവും ചേര്‍ന്ന് കൊച്ചിക്കാര്‍ക്ക് ലഭിച്ച മതേതര സങ്കല്‍പ്പമാണ് പപ്പാഞ്ഞി,’ ബിനാലെ റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ബോണി തോമസ് പറയുന്നു കൊച്ചി സംസ്‌കാരത്തിന്റെ ആഘോഷ പ്രതീകമായ പപ്പാഞ്ഞിയെ കലാപരമായി അവതരിപ്പിക്കന്നുള്ള ശ്രമമാണ് തങ്ങളുടേതെന്നു കലാകാരനായ ജസീന്‍ദര്‍ റോക്ക്‌ഫെല്ലെര്‍ പറഞ്ഞു.

ചൊവ്വാഴ്ച (ഡിസംബര്‍ 31) പകല്‍ 12 മണിയോടെ പപ്പാഞ്ഞിയെ ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് കാഴ്ച്ചക്കു അവസരമുണ്ടാക്കും. തുടര്‍ന്ന് രാത്രി 12 നാണ് കത്തിക്കന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Pappanhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.