Latest News

1700 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ പാര്‍വതി വിശ്വനാഥിന്റെ ശരനൃത്തം

ചങ്ങനാശേരി: പാര്‍വതി വിശ്വനാഥിന്റെ ശരനൃത്തം കാണികളെ മുള്‍മുനയിലാക്കി. അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ വജ്രജൂബിലി സമാപന വേദിയിലാണ് നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പാര്‍വതി വിശ്വനാഥിന്റെ നൃത്താവിഷ്കാരം സദസിന് പുതുമയും നവ്യാനുഭവവും പകര്‍ന്നത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ജൂബിലി വേദിയില്‍ പാര്‍വതി കൂത്ത ആണികള്‍ക്ക്‌മേല്‍ നൃത്തമാടിയത്. ഇരുപത് മിനിട്ട് നേരമാണ് പാര്‍വതി സദസില്‍ വിസ്മയം വിരിയിച്ചത്. 1700 കൂര്‍ത്ത ആണികള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക പീഠത്തിലാണ് പാര്‍വതി നൃത്തം ചവിട്ടിയത്.

സ്കൂള്‍ പഠനത്തോടൊപ്പം നൃത്ത പഠനം നടത്തിയ പാര്‍വതി സ്വന്തമായാണ് കൂര്‍ത്ത ആണികള്‍ക്ക് മേലുള്ള നൃത്തം അഭ്യസിച്ചത്. 21 ദിവസത്തെ ചിട്ടയായ വ്രതം നോറ്റാണ് പാര്‍വതി ശരനൃത്തത്തിനൊരുങ്ങുന്നത്. എന്‍ജിനീയറിംഗ് ബിരുദം സമ്പാദിച്ച പാര്‍വതി ഇപ്പോള്‍ ബാങ്ക് ജോലിക്കായി പരിശീലനം നേടുകയാണ്. 

താന്‍ പഠിച്ച സ്കൂള്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ വജ്രജൂബിലി സംഗമത്തില്‍ സ്വയം താല്പര്യമെടുത്താണ് താന്‍ അഭ്യസിച്ചെടുത്ത കലാരൂപം അവതരിപ്പിച്ചത്. നിരവധി പുരസ്കാരങ്ങള്‍ ഈ രംഗത്ത് പാര്‍വതി കരസ്ഥമാക്കിയിട്ടുണ്ട്. ഈ അപൂര്‍വ നൃത്തം അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാര്‍വതി.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്ത രൂപങ്ങള്‍ സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയ കലാരൂപമാണ് ശരനൃത്തം. അത്യപൂര്‍വമായ ഈ നൃത്തപരിപാടി നൃത്താസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. കറുകച്ചാല്‍ നെത്തല്ലൂര്‍ വൈശാഖം വിശ്വനാഥന്‍- ഭുവനേശ്വരി ദമ്പതികളുടെ മകളാണ് പാര്‍വതി. സഹോദരന്‍ വൈശാഖ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dance, Parvathi Viswanath

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.