Latest News

ജനസമ്പര്‍ക്കപരിപാടിയില്‍ പരിഹാരമാകാത്തതിന്റെ വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു

അഞ്ചല്‍: ചികിത്സയിലുള്ള മക്കളുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലെത്തിയിട്ടും പരിഹാരമാകാത്തതിന്റെ വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. അഞ്ചല്‍ തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനാ(45)ണ് ആത്മഹത്യ ചെയ്തത്. സുശീലന്‍-ശ്രീദേവി ദമ്പതിമാരുടെ മക്കളായ അതിനും (15) അതുലും (13) വര്‍ഷങ്ങളായി കിടപ്പിലാണ്. ഇരുവര്‍ക്കും പേശികള്‍ക്ക് ബലക്കുറവ് എന്ന അസുഖമാണ്. രണ്ടുപേര്‍ക്കും എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ല.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കൊല്ലത്ത് നടക്കുന്നതറിഞ്ഞ് കോണ്‍ഗ്രസ് നേതാവും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ തോയിത്തല മോഹനന്‍ നാലുപേരെയും കൂട്ടി കൊല്ലത്തെത്തി പരാതിനല്‍കി. വ്യാഴാഴ്ച രാത്രി 12 മണിയോടെ മുഖ്യമന്ത്രിയെ കാണുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. കുട്ടികളുടെ ചികിത്സാരേഖകള്‍ പരിശോധിച്ചശേഷം 18ന് ക്ലിഫ് ഹൗസില്‍ എത്താന്‍ സുശീലന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. മക്കളുടെ അസുഖത്തെക്കുറിച്ച് ചിന്തിച്ച സുശീലന്‍ ദുഃഖിതനായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ വീടിന് സമീപമുള്ള റബര്‍ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

രണ്ട് കുട്ടികള്‍ക്കും ജന്മനാ ഒരസുഖവുമില്ലായിരുന്നു. മൂത്തമകന് ഏഴ് വയസ്സായപ്പോള്‍ നടക്കുമ്പോള്‍ വീഴാന്‍ തുടങ്ങി. ഇളയകുഞ്ഞും ഏഴ് വയസ്സായപ്പോള്‍ ഇതേ അവസ്ഥയിലായി. തിരുവനന്തപുരം എസ്.എ.ടി. ആസ്​പത്രി, തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആസ്​പത്രി, സ്വകാര്യ ആസ്​പത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സനല്‍കിയെങ്കിലും ഫലംകണ്ടില്ല. വര്‍ഷങ്ങളായി കുട്ടികള്‍ കട്ടിലില്‍ത്തന്നെ കിടപ്പാണ്. ആരുടെയെങ്കിലും സഹായമുണ്ടെങ്കില്‍ മാത്രമേ എഴുന്നേല്‍ക്കാന്‍ കഴിയുകയുള്ളു. 10 സെന്റും പഞ്ചായത്ത് നിര്‍മ്മിച്ചുനല്‍കിയ വീടും ഉണ്ടായിരുന്നെങ്കിലും കുട്ടികളുടെ ചികിത്സാവശ്യത്തിനായി അതും പണയംവച്ചിരിക്കുകയാണ്. സുശീലനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. മക്കളെ നോക്കുന്നതിനാല്‍ അമ്മ ശ്രീദേവിക്ക് ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.