മലപ്പുറം: തമിഴ്നാട്ടില്‍ പശു വളര്‍ത്തുന്ന കമ്പനിയിലേക്കെന്ന പേരില്‍ ലാഭം മോഹിപ്പിച്ച് നിക്ഷേപം സ്വീകരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കോടികളുടെ തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട സ്ത്രീകളുള്‍പ്പെട്ട ഏജന്‍റുമാര്‍ നിക്ഷേപത്തുക തിരിച്ചുനല്‍കാനാവാതെ ബുദ്ധിമുട്ടുകയാണ്.
കോടതി നിര്‍ദേശമുണ്ടായിട്ടും അരീക്കോട് പൊലീസ് അന്വേഷണത്തില്‍ താല്‍പര്യമെടുക്കുന്നില്ളെന്ന് ഏജന്‍റുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2009 ഏപ്രിലില്‍ സര്‍ക്കാര്‍ അംഗീകൃത സമ്പാദ്യപദ്ധതിയെന്ന് പരിചയപ്പെടുത്തിയാണ് മുസ്തഫ പട്ടാമ്പി, ജയരാജ് വെറ്റിലപ്പാറ എന്നിവര്‍ ചേര്‍ന്ന് എസ്.ജി.എസ് അഗ്രൊ ഫാം ലിമിറ്റഡ് എന്ന പേരില്‍ അരീക്കോട്ട് സ്ഥാപനം തുടങ്ങിയത്. പിന്നീട് വി.കെ.എല്‍ ഡയറീസ് ലിമിറ്റഡ് എന്ന് പേരുമാറ്റി. തമിഴ്നാട് രാമനാഥപുരം കേന്ദ്രീകരിച്ച് സങ്കരയിനം പശുക്കളെ വളര്‍ത്തി പാലുല്‍പാദിപ്പിക്കുന്ന സ്ഥാപനമാണിതെന്നും പബ്ളിക് ലിമിറ്റഡ് കമ്പനി നിയമപ്രകാരം ഇത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ വിശ്വസിപ്പിച്ചു.
നിക്ഷേപസമാഹരണത്തിന് അരീക്കോട്, വാഴക്കാട്, മാവൂര്‍, എടവണ്ണ, കൊണ്ടോട്ടി, ചെറുവാടി തുടങ്ങിയ പ്രദേശങ്ങളില്‍ 500ഓളം ഏജന്‍റുമാരെ നിയമിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ വീട്ടമ്മമാരെ ഇന്‍സെന്‍റീവ്, ബോണസ്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, പ്രമോഷന്‍, ഗിഫ്റ്റ് എന്നിവ വാഗ്ദാനം ചെയ്താണ് ജോലിക്കെടുത്തത്. ഒന്നുമുതല്‍ അഞ്ച് വര്‍ഷം വരെയുള്ള വിവിധ സ്കീമുകളില്‍ പ്രതിമാസം നൂറു മുതല്‍ 10,000 രൂപവരെ ഏജന്‍റുമാര്‍ വഴി പിരിച്ചു. നിക്ഷേപകര്‍ക്ക് വ്യാജ ഹോളോഗ്രാം പതിച്ച ബോണ്ടുകള്‍ നല്‍കി. സ്കീം കാലാവധി പൂര്‍ത്തിയാവുമ്പോള്‍ നിക്ഷേപത്തിന്‍െറ 50 ശതമാനം കൂടുതല്‍ തുക നിക്ഷേപകന് ലാഭവിഹിതമായി നല്‍കുമെന്നായിരുന്നു അറിയിപ്പ്.
കഴിഞ്ഞ ജൂലൈ വരെ കമ്പനി യഥാവിധി പ്രവര്‍ത്തിച്ചിരുന്നതായി ഏജന്‍റുമാര്‍ പറയുന്നു. നിക്ഷേപത്തട്ടിപ്പുകളെകുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെതുടര്‍ന്നാണ് ഇവര്‍ ഓഫിസ് പൂട്ടി സ്ഥലം വിട്ടത്. അരീക്കോട് കേന്ദ്രീകരിച്ച് മാത്രം മൂന്ന് കോടിയോളം രൂപ പിരിച്ചിട്ടുണ്ട്. 25 ലക്ഷം രൂപവരെ പിരിച്ചുനല്‍കിയ ഏജന്‍റുമാരുണ്ട്. നിക്ഷേപകര്‍ പണം തിരിച്ച് ചോദിക്കുന്നതിനാല്‍ കിടപ്പാടം പണയപ്പെടുത്തേണ്ട അവസ്ഥയിലാണെന്ന് ഏജന്‍റുമാര്‍ പറഞ്ഞു.
ഇവര്‍ വിവിധ കോടതികളില്‍ പ്രതികള്‍ക്കെതിരെ സ്വകാര്യ അന്യായം നല്‍കിയിരുന്നു. അരീക്കോട്, വാഴക്കാട്, എടവണ്ണ, മാവൂര്‍, മുക്കം പൊലീസ് സ്റ്റേഷനുകളിലേക്ക് അന്വേഷണത്തിന് കോടതി നിര്‍ദേശമുണ്ട്. എന്നാല്‍, അരീക്കോട് പൊലീസ് കേസെടുക്കാന്‍ തയാറായിട്ടില്ല. മഞ്ചേരി സി.ഐക്കും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതിക്കാരെ നിരുത്സാഹപ്പെടുത്തി പൊലീസ് തിരിച്ചയക്കുന്നതായി ഇവര്‍ ആരോപിക്കുന്നു. നിയമനടപടി സ്വീകരിച്ചതിന് ഏജന്‍റുമാരായ സ്ത്രീകളെ പ്രതികള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ സുബൈദ ചെറുവാടി, ടി.സാജിത, കെ. ഹലീമ, വൈ.പി. അഫ്സത്ത്, പി.കെ. ആമിന, സി.ടി. ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment