Latest News

കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ തലയിലും കാലിലും 16 വെട്ട്‌

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിനോദ് കുമാറിന്റെ തലയിലും കാലിലുമായി 16 വെട്ടേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിനോദ്കുമാറിന്റെ തലയിലേറ്റ മാരക മുറിവാണ് മരണ കാരണമെന്ന് കണ്ടെത്തിയത്. സി പി എമ്മും ബി ജെ പിയും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ വിനോദ്കുമാറിനെ പിന്തുടര്‍ന്ന് ഓടിച്ച് സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

വിനോദ്കുമാറിന്റെ തലയ്ക്ക് ഏഴ് വെട്ടും തുടക്ക് താഴെ ഒമ്പത് വെട്ടും ഏറ്റിട്ടുണ്ട്. വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് 28കാരനും അവിവാഹിതനുമായ യുവ ഫോട്ടോഗ്രാഫറുടെ കൊലപാതകത്തില്‍ കലാശിച്ചത്. പയ്യന്നൂരിലെ ആര്‍ എസ് എസ് കാര്യവാഹകനാണ് വിനോദ്കുമാര്‍. ആര്‍ എസ് എസ് കാര്യവാഹകനായതിനാല്‍ ഇയാളെ ലക്ഷ്യമിട്ട് അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. പയ്യന്നൂരിലെ ഒരു സംഘം തൊഴിലാളികളും അക്രമത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. പ്രതികളില്‍ ചിലര്‍ ബംഗലുരുവിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. ഡി വൈ എഫ് ഐ നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. വടിവാളും വാക്കത്തിയും മറ്റ് ആയുധങ്ങളുമായാണ് അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തില്‍ ജില്ലയിലെയും സംസ്ഥാനത്തെയും ഉന്നത എസ് എഫ് ഐ -ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് വിനോദിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആര്‍ എസ് എസ് സഹപ്രാന്ത സംഘചാലക് അഡ്വ കെ കെ ബാലറാം, പ്രാന്തകാര്യവാഹക് പി ഗോപാലന്‍ കുട്ടിമാസ്റ്റര്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, വൈസ് പ്രസിഡന്റ്എം ടി രമേശ്, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ്‌കെ രഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് വിനോദ്കുമാറിന്റെ ഭൗതിക ദേഹത്തില്‍ കാവി പട്ട് പുതപ്പിച്ച ശേഷം പ്രത്യേകമൊരുക്കിയ വാഹനത്തില്‍ നേതാക്കളടക്കം നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ വിലാപയാത്രയായി ഉച്ചക്ക് 12.30 ഓടെ പൊതുദര്‍ശനത്തിനായി പയ്യന്നൂരില്‍ എത്തിച്ചത്. 

ഹര്‍ത്താലായിട്ടും ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലും കീച്ചേരിക്കുന്നിലെ വീട്ടിലുമെത്തിയത്. പൊന്നുമോന്റെ ചേതനയറ്റ ശരീരം അവസാനമൊന്നു കാണാനും അന്ത്യചുംബനമര്‍പ്പിക്കാനുമെത്തിയ മാതാപിതാക്കളായ ചന്ദ്രശേഖരനും ശോഭയും സഹോദരങ്ങളായ വിജിന്‍, വിപിന്‍ എന്നിവരും ദുഃഖം സഹിക്കാന്‍ കഴിയാതെ വിതുമ്പുന്നത് കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. തുടര്‍ന്ന് മൃതദേഹം കീച്ചേരി സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അനുജന്‍മാരായ വിജിന്‍, വിപിന്‍ എന്നിവര്‍ ചിതക്ക് തീകൊളുത്തി. അക്രമത്തില്‍ ബി ജെ പി പ്രവര്‍ത്തകരായ ലക്ഷ്മണന്‍, നാരായണന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ്കുമാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷമേഖലകളിലെല്ലാം വന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ക ണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ 50 ഓളം വില്ലേജുകളില്‍ വെള്ളിയാഴ്ചവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, BJP, Vinod Kumar, Murder

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.