Latest News

വിവിയന്‍ കാത്തിരിക്കുന്നു; പപ്പയുടെ അന്ത്യചുംബനത്തിനായ്...

മുംബൈ: പപ്പ നെഞ്ചോടുചേര്‍ത്ത് നെറുകയില്‍ ചുടുചുംബനം നല്‍കി യാത്രയാക്കുന്നതും കാത്ത് കാതങ്ങള്‍ക്കിപ്പുറം ചലനമറ്റ് ഒരു മകന്‍. അടുത്ത വ്യാഴാഴ്ച ഒന്നാം പിറന്നാളിന് മകന് കുഞ്ഞുടുപ്പും കളിക്കോപ്പുമായി വരാനിരുന്ന പിതാവാകട്ടെ മകനെ അവസാനമായി ഒരുനോക്കു കാണാന്‍ അവസരം കാത്ത് കടലിനപ്പുറം തടവറയിലും.

ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ തടവറയില്‍ കഴിയുന്ന മലയാളി നാവികനെയും കാത്താണ് 11 മാസം പ്രായമുള്ള കുഞ്ഞിന്‍െറ മൃതദേഹം മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 

ആലപ്പുഴ ചമ്പക്കുളം പുല്ലാന്തറ വീട്ടില്‍ സുനില്‍ ജെയിംസാണ് (28) കടല്‍ക്കൊള്ളക്കാരെ സഹായിച്ചെന്ന സംശയത്തെ തുടര്‍ന്ന് ടോഗോ നാവികസേനയുടെ കസ്റ്റഡിയിലായത്. സുനിലിന്‍െറ മോചനത്തിന് ബന്ധുക്കള്‍ ശ്രമം നടത്തുന്നതിനിടെയാണ് പിറന്നാളാഘോഷത്തിന് പപ്പയെത്തുന്നത്‌ കാത്തുനില്‍ക്കാതെ വിവിയന്‍ ജീവിതത്തോട് പിണങ്ങിപ്പോയത്. ആമാശയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 11 മാസം പ്രായമുള്ള വിവിയന്‍െറ മരണം.

സുനില്‍ വരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന്‌ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ബ്രിട്ടീഷ് ഷിപ്പിങ് കമ്പനിയായ യൂനിയന്‍ മാരിടൈമിന്‍െറ ചരക്കുകപ്പലായ എ.ടി ഓഷ്യന്‍ സെഞ്ചൂറിയനിലെ ക്യാപ്റ്റനാണ് സുനില്‍ ജെയിംസ്. നാല് മാസത്തെ കരാര്‍ അവസാനിച്ച് ആഗസ്റ്റില്‍ തിരിച്ചെത്താനിരിക്കെയാണ് ആഫ്രിക്കന്‍ കടലില്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെടുന്നത്. ജൂലൈയിലാണ് കടല്‍ക്കൊള്ളക്കാര്‍ സുനിലിനെയടക്കം ബന്ധികളാക്കി കപ്പല്‍ കൊള്ളയടിച്ചത്. പിന്നീട് വിട്ടയച്ചെങ്കിലും വിവരം അറിയിക്കാന്‍ ടോഗോ തീരത്ത് കപ്പലടുപ്പിച്ച സുനിലിനെയും മറ്റു കപ്പല്‍ ജീവനക്കാരെയും അവിടത്തെ നാവികസേന പിടികൂടി. വിവിയന്‍െറ മരണവിവരം അറിയിച്ച് ടോഗോ അധികൃതര്‍ക്കും നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും ഭാര്യ അദിതി അപേക്ഷ നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Ship

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.