Latest News

വിഷം അകത്ത് ചെന്ന് വീട്ടമ്മ മരിച്ചു; കോളേജ് പ്രൊഫസറായ മകള്‍ ആശുപത്രിയില്‍

കണ്ണൂര്‍: വിഷം അകത്ത് ചെന്നതിനെ തുടര്‍ന്ന് 70കാരിയായ വീട്ടമ്മ മരിച്ചു. അത്യാസന്നനിലയില്‍ കോളേജ് പ്രൊഫസറായ മകളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ എസ് എന്‍ പാര്‍ക്കിനടുത്ത് വാസുലാല്‍ ഇലക്‌ട്രോണിക്‌സിന് സമീപം വിജയശ്രീയില്‍ രമ വിജയരാഘവനാണ് മരണപ്പെട്ടത്. മകളും കണ്ണൂര്‍ ചിന്മയാമിഷന്‍ കോളേജ് ലക്ച്ചറുമായ ശ്രീജ സന്ദീപി (35)നെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ഇരു നിലവീടിന്റെ മുകളിലെത്തെ നില അടച്ചിട്ട നിലയിലായിരുന്നു. താഴത്തെ നിലയില്‍ താമസിക്കുന്ന സഹോദരി ഫോണ്‍ചെയ്തപ്പോള്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടത്. വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസും തൊട്ടുപിന്നാലെ ഫയര്‍ ഫോഴ്‌സുമെത്തി വീട് കുത്തിത്തുറന്നപ്പോഴാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്. അമ്മ കട്ടിലിനടിയിലും മകള്‍ കട്ടിലില്‍ അവശനിലയിലുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രമ വിജയരാഘവന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മുറിക്കകത്ത് വിഷ കുപ്പിയും ഇന്‍സുലിനും കണ്ടെത്തിയിട്ടുണ്ട്. ശ്രീജ അത്യാസന്ന നില തരണം ചെയ്തിട്ടുണ്ട്. കിടപ്പറയില്‍ നിന്ന് ശ്രീജ എഴുതിവെച്ച ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കടബാധ്യതയെ കുറിച്ചുള്ള കണക്കുകളാണ്. കടം വീട്ടാനാകാത്തതിനെ തുടര്‍ന്ന് ഇവര്‍ അത്മഹത്യക്കൊരുങ്ങിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രമയുടെ ഭര്‍ത്താവ് വിജയരാഘവന്‍ രണ്ടുമാസം മുമ്പാണ് മരണപ്പെട്ടിരുന്നത്.

വിജയരാഘവന്‍ നേരത്തെ ഗള്‍ഫിലായിരുന്നു. ശ്രീജയും ഭര്‍ത്താവുമായി വിവാഹമോചന കേസ് നിലവിലുണ്ട്. ബന്ധുക്കള്‍ തമ്മില്‍ സ്വത്ത് സംബന്ധമായ തര്‍ക്കമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ കുടുംബത്തെ വേട്ടയാടുന്ന ഒരു വ്യാജ പത്രപ്രവര്‍ത്തകനെ കുറിച്ചും പോലീസിന് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Poison, Suiside, Police, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.