തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഫേസ്ബുക്കില്‍ സജീവമാവുന്നു. ഇതിന്റെ ഭാഗമായി പുതുവല്‍സരദിനത്തില്‍ അദ്ദേഹം തന്റെ പോസ്റ്റ് രേഖപ്പെടുത്തി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേയാണ് പിണറായി ആദ്യമായി പ്രതികരിച്ചത്. മന്ത്രിസഭയില്‍ മാറ്റംവരുത്തി വകുപ്പ് വീതംവയ്പു നടത്തിയതുകൊണ്ട് കോണ്‍ഗ്രസ്സിലെയോ യു.ഡി.എഫിലെയോ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്നു പിണറായി കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പും അതു കൈകാര്യം ചെയ്ത മന്ത്രിയുമാണ് യു.ഡി.എഫ്. സര്‍ക്കാരിനെ ബാധിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണു വകുപ്പുമാറ്റത്തിലൂടെ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിച്ച ആ തെറ്റുകളെന്തെന്നു കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോടു തുറന്നുപറയണം. ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നുണ്ടോയെന്ന് വകുപ്പ് നഷ്ടപ്പെട്ട മന്ത്രി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
സഖാക്കള്‍ക്കു പുതുവല്‍സര ആശംസകളോടെയാണു പിണറായി ഫേസ്ബുക്കില്‍ ഇടപെട്ടു തുടങ്ങിയത്. 'ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ജനകീയ കൂട്ടായ്മ ശക്തമാവുന്ന, സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ കൂടുതല്‍ കരുത്തുനേടുന്ന, ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുന്ന, വര്‍ഗീയതയോട് സന്ധിയില്ലാതെ സമരം ചെയ്യുന്ന വര്‍ഷമാവട്ടെ 2014.
പുതിയ വര്‍ഷത്തിലേക്ക് കടക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും ആശംസ'- ഇതായിരുന്നു പിണറായിയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. പിണറായിയുടെ പേരില്‍ നിരവധി പേജുകളും അക്കൗണ്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്ക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി പേജ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്നാണു പാര്‍ട്ടിയുടെ വിശദീകരണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment