Latest News

മനസ്സില്‍ തികട്ടുന്ന നൊമ്പരവുമായി കണ്ണന്റെ നാദസ്വരം

പാലക്കാട്: ഹൈസ്‌കൂള്‍ വിഭാഗം നാദസ്വര മല്‍സരം കഴിഞ്ഞയുടനെ വേദി വിട്ട് കണ്ണന്‍കുട്ടി ഓടിയത് യാക്കരയിലെ മംഗല്യപ്പന്തലിലേക്കാണ്. അവിടെ നാദസ്വരം വായിക്കാമെന്നു നേരത്തെ ഏറ്റതാണ്. കിട്ടുന്ന പണവുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തണം. അവിടെ അച്ഛന്‍ കിടപ്പുണ്ട്, ബോധം പോലുമില്ലാതെ. അച്ഛനോട് ചേര്‍ന്നുനിന്നു മന്ത്രിക്കണം, പണവും പിടിച്ചുയര്‍ത്താന്‍ ആളുമില്ലെങ്കിലും അച്ഛന്റെ കണ്ണന്‍ ഒന്നാം സ്ഥാനം നേടിയെന്ന്. മരുന്നു വാങ്ങാനുള്ള പണം അമ്മയുടെ കൈയില്‍ വച്ചുകൊടുക്കണം.

നാദസ്വരം കണ്ണന്‍കുട്ടിക്കു മത്സരയിനമല്ല; അച്ഛനെ കാര്‍ന്നുതിന്നുന്ന കിഡ്‌നി രോഗത്തോടു പോരാടാനുള്ള ആയുധമാണ്. കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസിലെ പത്താം തരം വിദ്യാര്‍ഥിയായ കണ്ണന്‍കുട്ടി നാദസ്വരം വായിക്കുന്നത് അച്ഛനു മരുന്നു വാങ്ങാനും പാതി മുറിഞ്ഞുപോയ ജീവിതം കൂട്ടിയോജിപ്പിക്കാനുമാണ്. കിഡ്‌നിരോഗം ബാധിച്ചു വീട്ടില്‍ അവശനിലയില്‍ കിടക്കുകയായിരുന്ന അച്ഛനോട് യാത്ര പറഞ്ഞാണ് കഴിഞ്ഞ ദിവസം കണ്ണന്‍കുട്ടി കലോല്‍സവത്തിനായി ഇറങ്ങിയത്. എന്നാല്‍, ബോധം നഷ്ടപ്പെട്ട് അച്ഛനെ ആശുപത്രിയിലാക്കിയ വിവരമാണ് കലോല്‍സവവേദിയില്‍ കണ്ണനെ എതിരേറ്റത്.

മനസ്സില്‍ തികട്ടുന്ന നൊമ്പരവുമായി മല്‍സരത്തില്‍ പങ്കാളിയായി. കൂലിവേലക്കാരനായ അഛന്‍ ആറുമുഖന്‍ രോഗത്തിന്റെ പിടിയിലായിട്ട് നാളുകളായി. ദരിദ്ര കുടുംബാംഗമായ കണ്ണന്‍കുട്ടിയും സഹോദരന്‍മാരും അധ്വാനിച്ചാണ് കുടുംബം പുലരുന്നത്.

എട്ടില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാദസ്വരത്തില്‍ മൂന്നാമനായിരുന്നു കണ്ണന്‍കുട്ടി. കഴിഞ്ഞ വര്‍ഷം രണ്ടാമതെത്തി. ഈ വര്‍ഷം ഒന്നാമതും. കലോത്സവത്തില്‍ ഒന്നാമതെത്തിയതിനും എ ഗ്രേഡ് ലഭിച്ചതിനും രണ്ടായിരം രൂപ കിട്ടും. അതു കിട്ടിയാല്‍ അച്ഛന്റെ ചികിത്സയ്ക്ക് അല്‍പ്പം ആശ്വാസമാവും. തനിക്കു പ്രോല്‍സാഹനവും താങ്ങുമായ അച്ഛന്‍ രോഗം ഭേദമായി തിരിച്ചുവരണമെന്നാണ് നാദസ്വരത്തിന്റെ മംഗളഗീതത്തിനിടയിലും കണ്ണന്‍കുട്ടിയുടെ ഇടനെഞ്ചു പൊട്ടിയുള്ള പ്രാര്‍ഥന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.