Latest News

വിവാദങ്ങള്‍ നിറംപിടിപ്പിച്ച ജീവിതത്തിന് ഒടുവില്‍ തിരശ്ശീല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലീല ഹോട്ടലിന്റെ മുന്നൂറ്റി നാല്‍പ്പത്തിയഞ്ചാം നമ്പര്‍ മുറിയില്‍ തിരശ്ശീല വീണത് സംഭവബഹുലമായൊരു ജീവിതത്തിന് മാത്രമല്ല, വിവാദങ്ങള്‍ നിറം പിടിപ്പിച്ച ഒരു ജീവിതത്തിന് കൂടിയാണ്. മരണം വരെ ഈ വിവാദങ്ങള്‍ സുനന്ദയെ പിന്തുടര്‍ന്നത് വിധിയുടെ വിചിത്രമായൊരു വിളയാട്ടമായി. ഭര്‍ത്താവ് കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുകയും ഒടുവില്‍ അതെല്ലാം തിരുത്തി തങ്ങള്‍ ഒന്നിച്ചുതന്നെയാണെന്ന് പരസ്യമായി പറഞ്ഞതിന് തൊട്ടു പിറകെയാണ് രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് അവര്‍ മരണത്തെ വരിച്ചത്. മരണകാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും ഒരുപാട് കാലം കത്തിനില്‍ക്കാവുന്ന മറ്റൊരു വിവാദത്തിന് തിരികൊളുത്തിയാണ് സുനന്ദ മടങ്ങിയത്.

1962 ജനവരി ഒന്നിന് ജമ്മു കശ്മീരിലെ ബൊമായിയില്‍ സൈനികോദ്യോഗസ്ഥന്റെ മകളായി ജനിച്ച സുനന്ദയുടെ ജീവിതത്തിന്റെ ഏടുകളോരോന്നും സവിശേഷതകളുള്ളതായിരുന്നു. സഞ്ജയ് സെയ്‌നിയെന്ന കശ്മീര്‍ സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. അധികം വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട് മലയാളിയായ സുജിത്ത് മേനോനെ വിവാഹം ചെയ്തു. ഇതില്‍ ഒരു മകനുണ്ട്. സുജിത്ത് മേനോന്‍ 1997ല്‍ ഒരു വാഹനാപകടത്തില്‍ മരിക്കുകയാണുണ്ടായത്. ഇതിനുശേഷമാണ് അവര്‍ വിവാദങ്ങളുടെ അകമ്പടിയോടെ ശശി തരൂരിന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്.

കേന്ദ്രമന്ത്രിയായശേഷം തരൂരിനൊപ്പം ഡല്‍ഹിയിലെ പൊതുചടങ്ങുകളിലെല്ലാം പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ടീക്കോമിന്റെ സെയില്‍സ് ഡയറക്ടറായ സുനന്ദ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതിനുശേഷം തരൂരിന്റെ ശ്രമഫലമായി സുനന്ദയ്ക്ക് വിയര്‍പ്പോഹരിയുള്ള റെന്‍ഡെവ്യൂ എന്ന കമ്പനിയുടെ കൂടെ ഉടമസ്ഥതയിലുള്ള കണ്‍സോര്‍ഷ്യം കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് എന്ന ഐ.പി.എല്‍ ടീം സ്വന്തമാക്കിയതോടെ വിവാദം കൊഴുത്തു. വന്‍ സുഹൃദ്, വാണിജ്യ ബന്ധങ്ങളുള്ള സുനന്ദയെ തരൂര്‍ കൊച്ചിന്‍ ടസ്‌ക്കേഴ്‌സിനുവേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് തരൂരിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിപ്പോലും വന്നു. എന്നാല്‍ , തരൂര്‍ പിന്നീട് സുനന്ദയെ വിവാഹം കഴിച്ചു.

ഇതിനുശേഷവും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനായിരുന്നു സുനന്ദയുടെ യോഗം. ആദ്യം തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ കടന്നുപിടിച്ച ഒരാളെ അടിച്ചതായിരുന്നു സംഭവം. ഇതിനുശേഷം ഖലീജ് ടൈംസ് ലേഖകനെ അപമാനിച്ചുവെന്ന പരാതി വന്നു. ഇതിന് തൊട്ടുപിറകെയാണ് കടുത്ത രോഗബാധയ്ക്കിടയില്‍ ട്വിറ്റര്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ക്ഷയരോഗത്തിന് ചികിത്സ തേടിയ സുനന്ദ ശസ്ത്രക്രിയ കഴിഞ്ഞ് ആസ്പത്രി വിട്ട ഉടനെയാണ് ട്വിറ്റര്‍ വിവാദം ഉണ്ടായത്. അത് ഒരുവിധം കെട്ടടങ്ങിയെന്ന് കരുതിയിരിക്കുമ്പോള്‍ തൊട്ടടുത്ത ദിവസമിതാ മറ്റൊരു വലിയ വിവാദത്തിന് വഴിമരുന്നിട്ടുകൊണ്ട് അവര്‍ മരണത്തെ പുല്‍കിയിരിക്കുന്നു.

(കടപ്പാട്: മാതൃഭൂമി)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.