Latest News

മദ്യലഹരിയില്‍ മത്സ്യത്തൊഴിലാളിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റില്‍


തോപ്പുംപടി: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അമ്മിക്കല്ലുകൊണ്ട് ഇടിയേറ്റ മത്സ്യത്തൊഴിലാളി മരിച്ചു.ഫോര്‍ട്ടുകൊച്ചി ബിച്ച് റോഡ്, സെന്റ് ജോണ്‍ പാട്ടം കോളനിയില്‍ താമസിക്കുന്ന കളരിക്കല്‍, ജോര്‍ജ് സോളി (47)യാണ് കല്ലുകൊണ്ടുള്ള ഇടിയേറ്റ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പൂര്‍ ചെറുപുരയ്ക്കല്‍ വീട്ടില്‍ സി.പി. അബ്ദുള്‍ ഗഫൂര്‍ (41), കൊച്ചി ബീച്ച് റോഡ് പുത്തന്‍പുരയ്ക്കല്‍ ആന്റണി (64), കോഴിക്കോട് കല്ലായി ചക്കുംകടവ് വീട്ടില്‍ കോയമോന്‍ (44) എന്നിവരെ പള്ളുരുത്തി സി.ഐ വി.ജി. രവീന്ദ്രനാഥ്, തോപ്പുംപടി എസ്.ഐ എം.കെ. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച പകല്‍ ബീച്ച് റോഡിലുള്ള ആന്റണിയുടെ വീട്ടില്‍ വച്ചായിരുന്ന സംഭവം. ഇരുനില വീട്ടിലെ മുകള്‍നിലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആന്റണിയുടെ വീട്ടിലിരുന്ന് ബോട്ട് തൊഴിലാളികളായ കോയമോനും അബ്ദുള്‍ ഗഫൂറും മരിച്ച ജോര്‍ജ് സോളിയും ആന്റണിയും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു.

ഇതിനിടയിലായിരുന്നു വാക്ക്തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് മൂവരും ചേര്‍ന്ന് സോളിയെ മര്‍ദിച്ചെന്നും തുടര്‍ന്ന് വീട്ടിനകത്തുണ്ടായ കല്ല് എടുത്ത് ഇയാളുടെ നെഞ്ചില്‍ ഇടിച്ചുവെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. അബ്ദുള്‍ ഗഫൂറാണ് കല്ലുകൊണ്ട് ഇടിച്ചതത്രെ. മരണം സംഭവിച്ചതോടെ ഭയന്ന പ്രതികള്‍ വീട് അടച്ചുപൂട്ടി. വീടിന്റെ താഴെനിലയില്‍ താമസിച്ചിരുന്ന വാടകക്കാര്‍ സംഭവദിവസം സ്ഥലത്തുണ്ടായിരുന്നില്ല.

ഇതിനിടയില്‍ വീട്ടുടമസ്ഥനായ ആന്റണി ഭയംമൂലം ആത്മഹത്യക്ക് ശ്രമിച്ചു. ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച ആന്റണിയെ മറ്റ് രണ്ടുപേരും ചേര്‍ന്ന് കരുവേലിപ്പടി മഹാരാജാസ് ആസ്​പത്രിയിലെത്തിച്ചു. ആസ്​പത്രി അധികൃതര്‍ ജനറല്‍ ആസ്​പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതോടെ ഇവര്‍ മുനമ്പത്തേക്കും അവിടെ നിന്ന് തൃശ്ശൂരിലേക്കും പോയി.

തൃശ്ശൂരില്‍ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സ തേടി. അതിനുശേഷം മൃതദേഹം മറവു ചെയ്യാനായി പദ്ധതി തയ്യാറാക്കി. പണം സംഘടിപ്പിക്കാനായി പ്രതികള്‍ തൃശ്ശൂരിലുള്ള ഒരു പണമിടപാടുകാരനെ സമീപിച്ചത്രെ. വീടിന്റെ ആധാരം പണയംവച്ച് പണം ആവശ്യപ്പെട്ടു. പന്തികേട് തോന്നിയ പണമിടപാടുകാരന്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ ഇവരെ ചോദ്യം ചെയ്തു. സംശയം തോന്നിയതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ വിവരമറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പള്ളുരുത്തി സി.ഐ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരിലെത്തി പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നു.

ചോദ്യം ചെയ്യലിനിടയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതികളോടൊപ്പം ചേന്ന് വെള്ളിയാഴ്ച രാവിലെ ബീച്ച് റോഡിലുള്ള ആന്റണിയുടെ വീട് തുറന്നു. സോളിയുടെ മൃതദേഹം അഴുകിയ നിലയിലായിരന്നു.

ജനം തിങ്ങിത്താമസിക്കുന്ന മേഖലയാണെങ്കിലും സംഭവം നടന്നത് ആരുമറിഞ്ഞില്ല. പോലീസ് സംഘം പ്രതികളുമായി സ്ഥലത്തെത്തുമ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

മരിച്ച സോളിയുടെ അടുത്തായാണ് സംഭവം നടന്ന ആന്റണിയുടെ വീട്. ആന്റണിയുടെ വീട്ടിലിരുന്ന് ഇയാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സുഹൃത്തുക്കള്‍ നാലുപേരും ബോട്ടുകളില്‍ ജോലി ചെയ്യുന്നവരാണ്. മുനമ്പത്ത് നിന്നുള്ള ബോട്ടുകളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മറിയാമ്മയാണ് മരിച്ച സോളിയുടെ ഭാര്യ. അമ്മ: മേരി. മകന്‍: ജോസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.