Latest News

ഗണേഷ്‌കുമാര്‍ വിവാഹിതനായി, പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

കൊട്ടാരക്കര: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ഗണേഷ്‌കുമാറിന്റെ വിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ നടന്നു. 

വാളകത്തെ ആര്‍. ബാലകൃഷ്ണപിള്ളയുടെ തറവാട്ട് വീടായ കീഴൂട്ടുവീട്ടില്‍ ഉച്ചയ്ക്ക് 12.15നായിരുന്നു ചടങ്ങുകള്‍. പാലക്കാട് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു. ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് ഹെഡാണ് ബിന്ദു. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

ബന്ധുക്കള്‍ക്കു പുറമേ സിനിമാ രാഷ്ട്രീയ മേഖലകളിലെ അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നടന്‍ ദിലീപ്, സംവിധായകന്‍ ഷാജി കൈലാസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിയായിരിക്കെ വിവാദങ്ങളില്‍പ്പെട്ടാണ് ഗണേഷ് ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായി പരസ്പര ധാരണയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ഈ അസ്വാരസ്യങ്ങളില്‍പെട്ട് മന്ത്രി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ആദ്യവിവാഹത്തില്‍ ഗണേഷിന് രണ്ട് മക്കളുണ്ട്.

പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുമായി പിണങ്ങിയും ഇപ്പോള്‍ ഇണങ്ങിയും മുന്നോട്ട് പോകുന്ന ഗണേഷ് തറവാട്ടുവീട്ടില്‍ വച്ച് പുനര്‍പരിണയം നടത്തുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഈ വിവാഹചടങ്ങില്‍ കൊട്ടാരക്കര, പത്തനാപുരം മേഖലകളിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടില്ല. അടുത്ത ബന്ധുക്കള്‍പോലും ക്ഷണിതരല്ല. ഗണേഷിന്റെ മാതാപിതാക്കളും സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും വധുവിന്റെ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പുറത്തു നിന്നുള്ള ആര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. നൂറുപേര്‍ക്ക് മാത്രമാണ് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്. വിവാഹശേഷം ഇവര്‍ അപ്പോള്‍ തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. വിവാഹവാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ നിന്ന് ആര്‍. ബാലകൃഷ്ണപിള്ള ഒഴിഞ്ഞുമാറി. വിവാഹസ്ഥലത്ത് പോലീസ് രഹസ്യാന്വേഷണവിഭാഗം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെമുതല്‍ ബന്ധുക്കളല്ലാതെ ആരെയും വീട്ടിലേക്ക് കടത്തിവിട്ടിരുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ganesh Kumar Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.