ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തില്‍ നടന്ന പ്രശ്‌നചിന്തയില്‍ ജന്മഗണകന്‍ മുകുന്ദന്‍ ജ്യോത്സ്യരും മോഹനന്‍ ജ്യോത്സ്യരും അഭിഷ്ടവരദായിനി നിലമംഗലത്തമ്മയുടെ തിരുമുടി ഉയരാനുള്ള ശുഭമുഹൂര്‍ത്തം ഗണിച്ചെടുത്തു. പെരുങ്കളിയാട്ട സമാപനദിവസമായ ഫിബ്രവരി 11ന് രാവിലെ 8.30നും 8.45നും മധ്യേ നിലമംഗലത്ത് ഭഗവതിയടെ തിരുമുടി ഉയരും.
തിരുമുടിക്കായുള്ള കവുങ്ങ് ജനവരി 21ന് അണ്ടോല്‍ ചെറൂട്ട തറവാട്ടില്‍നിന്ന് കൊണ്ടുവരും. രാവിലെ 7.43നും 8.07നുമിടയിലാണ് കവുങ്ങ് മുറിക്കാനുള്ള മുഹൂര്‍ത്തം. കവുങ്ങ് മുറിച്ച് നിലംതൊടാതെ നിലമംഗലത്തെത്തിക്കുന്നതിന് ക്ഷേത്രേശ്വരന്മാരും വാല്യക്കാരും തലേദിവസംതന്നെ ചങ്ങാടത്തിലൂടെ കാരി പത്തില്‍ കടവു വഴി അണ്ടോളിലെത്തും.
ദേവിക്ക് കലശം എഴുന്നള്ളിക്കാനുള്ള കലശപാത്രം ജനവരി 28ന് മന്നംപുറത്ത്കാവ് വടക്കേക്കളരിയില്‍നിന്ന് കൊണ്ടുവരും. കാവില്‍ അടിയന്തിരത്തിനുശേഷം കുറ്റികടവ്‌വഴി കാല്‍നടയായിട്ടാണ് നെല്ലിക്കാതുരുത്തി കഴകത്തിലേക്ക് യാത്രതിരിക്കുക.
കളിയാട്ടം കല്പിക്കല്‍ ചടങ്ങിനുശേഷം വരുംദിവസങ്ങളില്‍ രാവില്യം കഴകം, ചെമ്പിലോട്ട് ഭഗവതിക്ഷേത്രം, കാടങ്കോട് നെല്ലിക്കാല്‍ ഭഗവതിക്ഷേത്രം, മയ്യിച്ച-വെങ്ങാട്ട് വല്‍ക്കര ഭഗവതിക്ഷേത്രം, വേളാപുരത്ത് മുസ്‌ലിം തറവാട് എന്നിവിടങ്ങളില്‍ 'കെട്ടുവെക്കല്‍' ചടങ്ങ് നടത്തും.
എട്ടുദിവസം നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ 167 തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. പുരാതന തറവാടായ അങ്ങട്ടെകാരിയില്‍ തറവാട്ടില്‍ പാരമ്പര്യമായി സൂക്ഷിച്ചുവരുന്ന പട്ടോലയില്‍നിന്നാണ് ഒരോ ദിവസത്തെയും ചടങ്ങുകളെക്കുറിച്ചും തെയ്യങ്ങളെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും അറിയുന്നത്.
പെരുങ്കളിയാട്ടനാളുകളില്‍ അരങ്ങുവാഴുന്ന കോലധാരികള്‍ക്ക് ക്ഷേത്രതിരുമുറ്റത്തുവെച്ച് കൊടിയിലകൊടുക്കല്‍ ചടങ്ങും നടന്നു. ഇനിയുള്ള 16 ദിവസം ക്ഷേത്രമതില്‍ക്കകത്ത് പ്രത്യേകം തയ്യാറാക്കിയ 'കുച്ചിലി'ലാണ് നിലമംഗലത്ത് ഭഗവതിയുടെ കോലധാരി സുരേഷ്ബാബു അഞ്ഞൂറ്റാനും, പുന്നക്കാല്‍ ഭഗവതിയുടെ കോലധാരി ശ്രീധരന്‍ നേണിക്കവും വൃതാനുഷ്ഠാനത്തോടെ കഴിയുക.
കാടങ്കോട് നെല്ലിക്കാല്‍ ഭഗവതിക്ഷേത്രം, രാമവില്യം കഴകം, ചെമ്പിലോട്ട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ക്ഷേത്രേശ്വരന്മാരും, കൂട്ടായ്ക്കാരും, വാല്യക്കാരും, കമ്മിറ്റിക്കാരും പെരുങ്കളിയാട്ടം കല്പിക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment