മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള ഓടുമേഞ്ഞ പഴയ ഇരുനിലകെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. കാസര്‍കോട് നിന്ന് രണ്ടും ഉപ്പളയില്‍ നിന്ന് ഒന്നും ഫയര്‍ എഞ്ചിന് യൂണിറ്റുകള്‍ എത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
നെല്ലിക്കുന്നിലെ അബ്ദുല്ല, ഉമര്‍ തുരുത്തി എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം. കൊ. മൊത്ത വ്യാപാര പലചരക്ക് കട, നായന്മാര് മൂലയിലെ മുഹമ്മദിന്റെ പച്ചക്കറിക്കട, തുരുത്തിയിലെ നൗഷാദിന്റെ ടി.എ. ഇബ്രാഹിം സ്റ്റോര്‍, എരുതുംകടവിലെ മഹ് മൂദിന്റെ ബദരിയ സ്റ്റോര്‍, ബദ്രിയ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന നാല് മുറികള്‍ എന്നിവയാണ് കത്തിനശിച്ചത്.
കെ.എം. കൊ. സ്റ്റോറിനാണ് കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. കെട്ടിടത്തിലെ മുകളിലത്തെ മുറിയില്‍ സ്റ്റോക്ക് ചെയ്തിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റുകള്‍ ഉള്‍പെടെയുള്ളവ കത്തിനശിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന മുറികളിലെ മുഴുവന്‍ സാധനങ്ങളും അഗ്നിക്കിരയായി. ജീവനക്കാരുടെ രേഖകളും പണവും ഉള്‍പെടെയുള്ള പെട്ടികള്‍, തുണിത്തരണങ്ങള്‍ എന്നിവ നശിച്ചു.
കെ.എം. കൊ. സ്റ്റോറിലെ തീ അണയ്ക്കുന്നതിനിടെ കഴുക്കോല് തലയില്‍ വീണ് ഫയര്മാന് മുരുകന് പരിക്കേല്‍ക്കുകയും ചെയ്തു. മെയിന്‍ സ്വിച്ചില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായപ്പോള്‍ കടയിലേക്ക് തീ പടരുകയായിരുന്നുവെന്ന് സംശയിക്കുന്നു. തീ കത്തുന്നത്കണ്ട് മുകളിലെ നിലയിലെ ഒരു താമസക്കാരനാണ് സംഭവം ഫയര്‍ഫോഴ്സിനേയും പരിസരവാസികളേയും അറിയിച്ചത്. നാട്ടുകാരും വ്യാപാരികളും ഫയര്‍ഫോഴ്സിനൊപ്പം തീ കെടുത്തുന്നതിലും കടകളിലെ സാധനങ്ങള്‍ എടുത്ത് മാറ്റുന്നതിലും സഹകരിച്ച് പ്രവര്‍ത്തിച്ചു. പഴക്കമുള്ള കെട്ടിടമായതിനാല്‍ മുകളിലെ നിലയില്‍ കയറി സാധനങ്ങള്‍ എടുത്തുമാറ്റുന്നത് ഏറെ ശ്രമകരമായിരുന്നു.
കെട്ടിടത്തിന്റെ കഴുക്കോലുകളും പലകകൊണ്ടുണ്ടാക്കിയ മച്ചും പൂര്‍ണമായും കത്തിനശിച്ചു. യഥാര്‍ത്ഥ നഷ്ടം കണക്കാക്കിവരുന്നതേയുള്ളു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ രജ്ഞിത്ത്, ഷാജിമോന്‍, സതീശ്, മനോഹരന്, മുഹമ്മദ് സാലി, മുരുകന്, പി.കെ. സജേഷ്, വിജയകുമാര്‍, പ്രസീത്, രമേശ് ബാബു, മൃണാള്‍ കുമാര്‍, നന്ദകുമാര്‍, മഹേഷ്, പ്രഭാകരന് കണ്ണന്, വിനോദ് ടൈറ്റസ് എന്നിവരാണ് രക്ഷാപ്രവര്ത്തനങ്ങളിലേര്പെട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod, Fire.
No comments:
Post a Comment